സ്‌കൂള്‍കെട്ടിട നിര്‍മാണത്തിലെ കൗണ്‍സില്‍ തീരുമാനം; പ്രതിപക്ഷം ഇറങ്ങിപ്പോയി
ചാലക്കുടി: അന്തരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂള്‍ കെട്ടിടം നിലവിലുള്ള ഗവ. ബോയ്‌സ് സ്‌കൂള്‍ സ്ഥലത്ത് തന്നെ നിര്‍മിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.കൗണ്‍സില്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങി പോയി. പ്രതിഷേധ സൂചകമായി പ്രതിപക്ഷ കൗണ്‍സിലര്‍ ബിജു എസ്. ചിറയത്ത് തല മൊട്ടയടിച്ചു. യോഗത്തില്‍ നിന്നും ഇറങ്ങി പോയതിന് ശേഷം മുനിസിപ്പല്‍ ഓഫിസിനു മുന്നിലിരുന്നാണ് തലമൊട്ടയടിച്ചത്. നിലവിലുള്ള സ്‌കൂളിന്റെ തെക്ക് ഭാഗത്തുള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പുതിയ കെട്ടിടം നിര്‍മിക്കണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. നിലവിലുള്ള സ്‌കൂള്‍ സ്ഥലത്ത് ആറ് ട്രാക്കോടു കൂടിയ സ്റ്റേഡിയം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലുള്ള സ്ഥലത്ത് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചാലും ആറു ട്രോക്കോടു കൂടിയ ഗ്രൗണ്ട് കിട്ടില്ലെന്നും അതുകൊണ്ട് സ്‌കൂളും മൈതാനവും ഇവിടെ നിര്‍മിക്കണമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം.
കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റേയും പൗരപ്രമുഖരുടേയും നേതൃത്വത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ ആറ് ട്രാക്കോടുകൂടിയ ഗ്രൗണ്ട് ലഭിക്കുമോ എന്നതിനായി അളവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ നാല് ട്രാക്ക് മാത്രമെ ലഭിക്കുകയുള്ളൂ എന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഗവ. സ്‌കൂള്‍ മാറ്റി സ്ഥാപിക്കണമെന്നും നിലവിലുള്ള സ്‌കൂള്‍ സ്ഥലത്ത് നിര്‍മാണ പ്രവൃത്തികളൊന്നും നടത്താന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഒരാള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന് കോടതിയുടെ അനുകൂല വിധി ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തെ കെ.വി പോള്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ നോര്‍ത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മാണ സമയത്തും ക്രിമിറ്റോറിയത്തിന്റെ നിര്‍മാണ സമയത്തും പോട്രീസ് കോമ്പൗണ്ടില്‍ നഗരസഭ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നാലു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാര്‍ക്ക് നിര്‍മാണവും തടസപ്പെടുത്താനായി പ്രതിപക്ഷമായ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കോടതിയില്‍ നിന്നും സ്റ്റേ സമ്പാതിച്ചിരുന്നുവെന്നും എന്നാല്‍ സത്യാവസ്ഥ മനസിലാക്കി കൊടുത്ത് കോടതിയില്‍ നിന്നും സ്റ്റേ ഒഴിവാക്കിയ ചരിത്രമുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തിലും അതുതന്നെയാണുണ്ടാവുക എന്നും ഭരണപക്ഷത്തെ വി.ജെ ജോജി യോഗത്തെ അറിയിച്ചു. നഗരസഭ പാര്‍ക്കിനോട് ചേര്‍ന്ന് കലാഭവന്‍ മണിക്ക് സ്മാരകം ഒരുക്കാനും യോഗം തീരുമാനിച്ചു. മണിയുടെ സ്മാരകത്തിനായി സര്‍ക്കാര്‍ 75ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി സ്മാരകം ഒരുക്കാനാണ് തീരുമാനം. സൗത്ത് ജങ്ഷനിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ലേലം മത്സരാടിസ്ഥാനത്തില്‍ നടന്നിട്ടില്ലാത്തതിനാല്‍ പുനര്‍ ലേലം ചെയ്യാന്‍ യോഗം തീരുമാനിച്ചു. ഗവ. ഈസ്റ്റ് സ്‌കൂള്‍ ഒരു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസമായി നില്‍ക്കുന്ന പഴയകെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനും യോഗം തീരുമാനിച്ചു. പ്രളയത്തോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാംപില്‍ രണ്ട് ദിവസം ഭക്ഷണം നല്‍കിയ വകയില്‍ മത്തായീസ് കാറ്ററിങിന് രണ്ടുലക്ഷത്തി നാല്‍പതിനായിരം രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പി.എം ശ്രീധരന്‍, യു.വി മാര്‍ട്ടിന്‍, വി.ഒ പൈലപ്പന്‍, ഷിബു വാലപ്പന്‍, ബിജു ചിറയത്ത് ആലീസ് ഷിബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."