കോള്‍ പടവുകളിലൂടെ ഗെയ്ല്‍ പൈപ്പുകള്‍: കര്‍ഷകര്‍ ആശങ്കയില്‍
അന്തിക്കാട്: കോള്‍ പാടങ്ങളിലൂടെ ഗെയ്ല്‍ പ്രകൃതി വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നതില്‍ കര്‍ഷകര്‍ ആശങ്കയില്‍.
പ്രളയത്തെ തുടര്‍ന്നു നിര്‍ത്തിവെച്ചിരുന്ന പൈപ്പ് സ്ഥാപിക്കല്‍ കഴിഞ്ഞ ദിവസം തുടങ്ങി. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ പ്രമുഖ കോള്‍ പടവുകളിലൂടെയാണ് ഗെയ്ല്‍ വാതക പൈപ്പുകള്‍ പോകുന്നത്. പത്തു മീറ്റര്‍ വീതിയിലാണു കോള്‍ പടവിലൂടെ അധികൃതര്‍ ഗെയ്ല്‍ വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഒരു സെന്റ് സ്ഥലത്തു പൈപ്പിടുമ്പോള്‍ കര്‍ഷകനു 5000 രൂപ ലഭിക്കും. ഏകദേശം ആറടിയോളം താഴ്ചയിലാണ് കോള്‍ പാടങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത്.
പൈപ്പു മണ്ണിട്ടു മൂടിയ ശേഷം മുകള്‍ ഭാഗം ഒന്നര മീറ്റര്‍ ഉണ്ടായിരിക്കണം. 15.9, 12.7 എന്നിങ്ങനെയുള്ള കട്ടി കൂടിയ പൈപ്പുകളാണ് കോള്‍ പടവുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. പൈപ്പുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വര്‍ഷങ്ങളോളം പൈപ്പ് മണ്ണിനടിയില്‍ കിടക്കുമ്പോള്‍ കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു കര്‍ഷകര്‍ പറയുന്നു. പൈപ്പ് ലൈനുകളില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടായാല്‍ അതു പരിഹരിക്കുന്നതിനു വേണ്ടി കൃഷിയിറക്കിയ കോള്‍പ്പാടം മുഴുവന്‍ കുത്തിപ്പൊളിക്കേണ്ടി വരുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. മാത്രമല്ല പൈപ്പുകള്‍ എത്ര വര്‍ഷം കോള്‍ പാടങ്ങളില്‍ സ്ഥാപിക്കണമെന്നതിനെക്കുറിച്ചും കര്‍ഷകര്‍ക്കു വ്യക്തമായ ധാരണയില്ല.
പദ്ധതി നിലനില്‍ക്കുന്നിടത്തോളം കാലം പൈപ്പുകള്‍ കോള്‍പ്പാടങ്ങളില്‍ നിന്നു മാറ്റാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. ഇതും കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്രയും കാലത്തേക്കു പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് ഒരു സെന്റിനു കര്‍ഷകന് 5000 രൂപ നല്‍കുമെന്നാണു അധികൃതര്‍ പറയുന്നത്.
എന്നാല്‍ എല്ലാ വര്‍ഷവും ഇതേ നിരക്കില്‍ തുക ലഭിച്ചുകൊണ്ടിരിക്കുമെന്ന അഭ്യൂഹവും കര്‍ഷകര്‍ക്കിടയില്‍ പരന്നിട്ടുണ്ട്. ഇതില്‍ കര്‍ഷകര്‍ക്കു സര്‍വത്ര ആശയക്കുഴപ്പങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഗെയ്ല്‍ വാതക പൈപ്പുലൈനുമായി ബന്ധപ്പെട്ട കര്‍ഷകരുടെ മുഴുവന്‍ സംശയങ്ങളും ദൂരികരിക്കാനും ആശങ്ക പരിഹരിക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."