പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാത: ട്രെയിന്‍ സര്‍വിസ് ആരംഭിച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു
പുതുനഗരം: പാലക്കാട്- പൊള്ളാച്ചി റൂട്ടില്‍ ട്രെയിന്‍ സര്‍വിസ് ആരംഭിച്ച് മൂന്നു വര്‍ഷം തികയാറായിട്ടും സ്റ്റോപ്പുകള്‍ ഇല്ലാതെ യാത്രക്കാര്‍ ദുരിതത്തില്‍. 2015 നവംബര്‍ 16നാണ് പാലക്കാട്- പൊള്ളാച്ചി റൂട്ടില്‍ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്.
അഞ്ച് ട്രെയിനുകള്‍ പത്ത് സര്‍വിസുകളായാണ് മീറ്റര്‍ഗേജ് ലൈനില്‍ അവസാന സമയങ്ങളില്‍ സര്‍വിസ് നടത്തിയിരുന്നത്. ഇവയെല്ലാം പുതുനഗരം, കൊല്ലങ്കോട് , മുതലമട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ നിലവില്‍ മൂന്ന് ട്രെയിനുകളില്‍ തിരുച്ചെന്തൂര്‍ ട്രെയിന്‍ മാത്രമാണ് കൊല്ലങ്കോട്ടിലും പുതുനഗരത്തും നിര്‍ത്തുന്നത്. അമൃത, ചെന്നൈ എക്‌സ്പ്രസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായി അധികാരികളുടെ കനിവുകാത്തിരിക്കുകയാണ് യാത്രക്കാര്‍.
2008 ഡിസംബര്‍ 10ന് മീറ്റര്‍ഗേജില്‍ സര്‍വിസുകള്‍ നിര്‍ത്തിവച്ച ലൈനില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ച റെയില്‍വേ നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം 2015 നവംബര്‍ 16നാണ് ബ്രോഡ്‌ഗേജില്‍ ട്രെയിനുകള്‍ഓടി തുടങ്ങിയത്. ട്രെയിന്‍ നമ്പര്‍ 76'465 രാമേശ്വരം-പാലക്കാട്, 766 പാലക്കാട്-പഴനി, 761 പാലക്കാട്-പൊള്ളാച്ചി, 768 പാലക്കാട്-പൊള്ളാച്ചി, 767 പൊള്ളാച്ചി-പാലക്കാട്, 765 പാലക്കാട്-ദിണ്ടിങ്കല്‍ (രാമേശ്വരം കണക്ഷന്‍ ട്രെയിന്‍) എന്നീ ട്രെയിനുകളാണ് മീറ്റര്‍ഗേജ് ലൈനില്‍ അവസാനം സമയങ്ങളില്‍ സര്‍വിസ് നടത്തിയത്. പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ ഗേജ്മാറ്റത്തിന്റെ ഭാഗമായി ട്രെയിനുകള്‍ 2008 ഡിസംബര്‍ 10ന് നിര്‍ത്തലാക്കിയതിനുശേഷം 10 വര്‍ഷം തികയുബോഴും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ട്രെയിനുകള്‍ ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ലെന്ന് റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുരുകന്‍ ഏറാട്ടില്‍ പറയുന്നു.
പൊള്ളാച്ചി- ദിണ്ടിങ്കല്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള ചത്രപട്ടി, മോഹന്നൂര്‍ എന്നീ ചെറു സ്റ്റേഷനുകളില്‍ പോലും ചെന്നൈ ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിക്കുമ്പോള്‍ 250ല്‍ അധികം സീസണ്‍ ടിക്കറ്റുകള്‍ മാത്രമുള്ള കൊല്ലങ്കോട് സ്റ്റേഷനെ പാലക്കാട് ഡിവിഷന്‍ അവഗണിക്കുകയാണ്. 500 കോടിയിലധികം രൂപ ചെലവഴിച്ച് ബ്രോഡ്‌ഗേജാക്കിയും റെയില്‍വെ പാലക്കാട്-പൊള്ളാച്ചി റൂട്ടിനെ അവഗണിക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നു.
180 ജീവനക്കാരുള്ള പാലക്കാട്- കിണഞ്ഞുക്കടവ് വരെയുള്ള പാലക്കാട് ഡിവിഷന്‍ പരിധിയിലുള്ള റൂട്ടില്‍ മീറ്റര്‍ഗേജ് റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന പാസഞ്ചറുകള്‍ പുനരാരംഭിക്കുവാന്‍ റെയില്‍വേ തയാറാവണമെന്നാണ് മീറ്റര്‍ഗേജില്‍ യാത്ര ചെയ്തിരുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ ആവശ്യം. പാലക്കാട്- പൊള്ളാച്ചി റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന അഞ്ച് ട്രെയിനുകളും പുനസ്ഥാപിക്കണം. തിരുവനന്ദപുരം ഡിവിഷനിലെ അമൃത, സേലം ഡിവിഷനിലെ ചെന്നൈ എഗ്‌മോര്‍, മധുര സിവിഷനിലെ തിരുച്ചെന്തൂര്‍ ട്രെയിനുകള്‍ സര്‍വിസ് തുടരുമ്പോള്‍ പാലക്കാട് ഡിവിഷന് സ്വന്തമായി ഒരു ട്രെയിനുകളും ഇല്ലാത്തത് ദക്ഷിണ റെയില്‍വേയുടെ അനാസ്ഥയാണെന്നും ആരോപിക്കുന്നു.
ഉച്ചക്ക് ഒരു മണിക്ക് പാലക്കാട് നിര്‍ത്തിയിടുന്ന പുനലൂര്‍ ട്രെയിന്‍ പൊള്ളാച്ചിയിലേക്കും പാലക്കാട് ജങ്ഷനില്‍ രാത്രി എട്ടുമണിക്ക് നിര്‍ത്തിയിടുന്ന നിലമ്പൂര്‍ ട്രെയിന്‍ ദിണ്ടിഗല്‍ വരെയും സര്‍വിസ് ദീര്‍ഘിപ്പിക്കണമെന്നും അടുത്ത കാലത്ത് നിര്‍ത്തിവച്ച തിരുച്ചിറപ്പള്ളി ഫാസ്റ്റ് പാസഞ്ചര്‍ പുനസ്ഥാപിക്കണമെന്നും റെയില്‍വേ യാത്രക്കാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ നടത്തിയ പരിശോധനയുടെ ഫലമായി സ്റ്റോപ്പുകള്‍ കൂടുതല്‍ അനുവദിക്കുമെന്ന് വിശ്വലത്തിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."