അപകടം വിളിച്ചു വരുത്തും റോഡരികിലെ ഈ കേബിളുകള്‍
കൂറ്റനാട്: റോഡരികില്‍ കിടക്കുന്ന കെ.എസ്.ഇ.ബി.യുടെ അണ്ടര്‍ഗ്രൗണ്ട് കേബിളുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യം. വെള്ളിയാങ്കല്ല് പൈതൃകപാര്‍ക്കിന് സമീപമാണ് അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ച്ചുറ്റുകള്‍ അനാഥമായിക്കിടക്കുന്നത്.ഭാരതപ്പുഴയിലൂടെ പരുതൂര്‍ പഞ്ചായത്തിലേക്ക് വൈദ്യുതിയെത്തിച്ചിരുന്ന പോസ്റ്റുകള്‍ പ്രളയത്തെത്തുടര്‍ന്ന് നിലംപൊത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തിലധികം പരുതൂര്‍ മേഖല ഇരുട്ടിലായി. ഈ സാഹചര്യത്തില്‍, വെള്ളിയാങ്കല്ല് പാലത്തിലൂടെ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായാണ് അടിയന്തരമായി യു.ജി. കേബിളുകള്‍ കൊണ്ടുവന്നത്.വൈദ്യുതി പുനഃസ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ബാക്കി കേബിളുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്കായിട്ടില്ല. മരച്ചട്ടക്കൂടില്‍ ചുറ്റിയ നിലയിലാണ് ഇത് റോഡരികില്‍ കിടക്കുന്നത്. കാല്‍നടക്കാര്‍ക്കും വെള്ളിയാങ്കല്ലില്‍ തിരക്കേറുന്ന സമയങ്ങളില്‍ വാഹനയാത്രക്കാര്‍ക്കും ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മാറ്റാന്‍ വൈകിയാല്‍ മരത്തിന്റെ ചട്ടക്കൂട് ദ്രവിച്ച് കേബിളുകള്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.
ഷൊര്‍ണൂര്‍ ഭാഗത്താണ് ഈ കേബിളുകള്‍ ഇനി ഉപയോഗിക്കാനുള്ളതെന്നും അവിടത്തെ നിര്‍മാണപുരോഗതിയനുസരിച്ച് ക്രെയിനെത്തി കേബിള്‍ നീക്കം ചെയ്യുമെന്നുമാണ് കെ.എസ്.ഇ.ബി. അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."