വില്ലേജ് ഓഫിസുകള്‍ നികുതിദായകനെ വട്ടംചുറ്റിക്കുന്നു
കണ്ണൂര്‍: നികുതി അടയ്ക്കുന്നതിനായി നേരത്തെ അടച്ചതിന്റെ ഒറിജിനല്‍ വേണമെന്ന ചില വില്ലേജ് ഓഫിസര്‍മാരുടെ നിര്‍ബന്ധ ബുദ്ധി സാധാരണക്കാരെ വട്ടം ചുറ്റിക്കുന്നു. ജില്ലയിലെ ചില വില്ലേജ് ഓഫിസര്‍മാരാണ് നികുതിയുടെ മേല്‍ കടുംപിടിത്തം പിടിക്കുന്നത്. ഒറിജിനല്‍ കാണിച്ചു നല്‍കാതെ പുതിയ നികുതി മുറിക്കില്ലെന്ന റവന്യൂ അധികൃതരുടെ ദുശ്ശാഠ്യമാണ് സാധാരണക്കാരെ കണ്ണീരുകുടിപ്പിക്കുന്നത്. ഇതുകാരണം പലയാളുകള്‍ക്കും നികുതി പുതുക്കാന്‍ കഴിയുന്നില്ല. ഭവനവായ്പ, കാര്‍ഷിക വായ്പ തുടങ്ങിയവ ലഭിക്കുന്നതിനായി ബാങ്കില്‍ നല്‍കുന്ന രേഖകളോടൊപ്പം നികുതി രസീതു നല്‍കിയവരാണ് വെട്ടിലായത്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു ഇതിന്റെ ഒറിജിനല്‍ തിരികെ ലഭിക്കാറില്ല. ഇവയുടെ ഫോട്ടോകോപ്പി കാണിച്ചാല്‍ നികുതി മുറിക്കുന്നതിനു നിയമതടസമൊന്നുമില്ല. എന്നാല്‍ ചില തൊടുന്യായങ്ങള്‍ പറഞ്ഞ് വില്ലേജ് അധികൃതര്‍ ഇതിനു തയാറാവുന്നില്ലെന്നാണ് പരാതി ഉയരുന്നത്. കോടതി സംബന്ധമായി ജാമ്യം നില്‍ക്കുന്നവര്‍ക്കും നികുതി രസീതു ഹാജരാക്കണം. ഇവര്‍ക്കൊക്കെ പിന്നീട് മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി നികുതി രസീതു വേണമെങ്കില്‍ ബന്ധപ്പെട്ട ധനകാര്യസ്ഥാപനത്തില്‍ നിന്നു ഇവിടെ നികുതിരസീതുണ്ടെന്ന സാക്ഷ്യപത്രം തയാറാക്കി നല്‍കണം. എന്നാല്‍ ഇതുമിക്കവര്‍ക്കും ലഭിക്കാറില്ല. ഇതിനാല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് ഉള്‍പ്പെടെ അപേക്ഷിക്കുന്നവര്‍ വെട്ടിലായിരിക്കുകയാണ്. നികുതി രസീതില്ലാത്തതില്‍ കര്‍ഷകര്‍ക്കും ദുരിതമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."