അഗ്രഹാര വീഥികളില്‍ രഥപ്രയാണമാരംഭിച്ചു; കല്‍പ്പാത്തിയില്‍ നാളെ ദേവരഥ സംഗമം
പാലക്കാട്: കല്‍പാത്തി കാശിയില്‍ പാതിയെന്ന കല്‍പാത്തിയില്‍ ഒരാണ്ടു കാത്തിരുന്ന രഥോത്സവത്തിന് തുടക്കമായതോടെ അഗ്രഹാര വീഥികള്‍ ആഘോഷമുഖരിതമായി. ഒന്നാം തേരുദിനമായ ഇന്നലെ കല്‍പാത്തിയിലെ അഗ്രഹാര ദേവതകള്‍ വിശ്വാസതേരിലേറിയതോടെ അഗ്രഹാര വീഥികള്‍ ഭക്തിസാന്ദ്രമായി. ഉത്സവനാഥനായ കല്‍പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമിയുടെയും പരിവാര ദേവതകളായ ഗണപതിയുടെയും സുബ്രമണ്യനേയും വഹിച്ചു കൊണ്ടുള്ള രഥങ്ങള്‍ പ്രയാണമാരംഭിച്ചു. ഇന്നലെ രാവിലെ 10 നും 11 നും ഇടക്കുള്ള സമയത്ത് രഥാരോഹണമാംരഭിച്ച് കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ദേവരഥം കിഴക്കുദിശയിലേക്ക് നിര്‍ത്തി. വീണ്ടും വൈകീട്ട് കുണ്ടമ്പലത്തിന് മുന്നില്‍ നിന്നും രഥപ്രയാണമാരംഭിച്ചു.
മന്തക്കര മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തി തിരിച്ച് അച്ചന്‍പടിക്കലുമെത്തി നിര്‍ത്തി. രഥോത്സവം കൊടിയേറിയതുമുതല്‍ ക്ഷേത്രനടയിലാരംഭിച്ച ഉപനിഷത്ത് പാരായണം വേദപാരായണം എന്നിവ ഇന്നലെ രാവിലെയോടെ സമാപിച്ചു. ഇന്നലെ രാവിലെ 9 നും 9.30 നുമിടയില്‍ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി തിരുകല്യാണോത്സവവും നടന്നു. തുടര്‍ന്ന് അലങ്കരിച്ച ഉത്സവമൂര്‍ത്തികളെ താളമേളങ്ങളോടെ രഥാരോഹണത്തിനും പുറത്തേക്കാനയിച്ചു. പുതിയ കല്‍പാത്തിയില്‍ നടന്ന കുതിര വാഹന എഴുന്നള്ളത്ത് കാണാനും ആയിരങ്ങളെത്തിയിരുന്നു. പുതിയ കല്‍പാത്തിയുടെ അതിമനോഹരമായ എഴുന്നള്ളത്ത് നടക്കുന്നത് രഥാഹോരണ തലേന്നാണ്. ഇന്നലെ രാവിലെ 10.30 ക്ക് പുതിയ കല്‍പാത്തിയിലെ രഥാരോഹണവും നാളെ ചാത്തപ്പുരത്തെയും പഴയകല്‍പാത്തിയിലെയും തേരുകള്‍ പ്രയാണമാരംഭിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ജെ.സി.ബിയുടെ യന്ത്രക്കയ്യുപയോഗിച്ച് തേരു തള്ളിയിരുന്നെങ്കിലും ആനയുടെ സഹായത്തോടെയാണ് തേരു തള്ളുന്നത്. ചാത്തപ്പുര ഗ്രാമത്തില്‍ സ്ഥാപിച്ച സ്ഥിരം തെരുവുവിളക്കുകളും കഴിഞ്ഞ ദിവസം മുതല്‍ പ്രകാശിച്ചു തുടങ്ങി. ഒന്നാം തേരുദിനമായ ഇന്നലെ മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ വേദ പാരായണം രുദ്രാഭിഷേകം, അശ്വവാഹനാലങ്കാരം, എഴുന്നള്ളത്ത് എന്നിവയും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ നിത്യപൂജാ വേദപാരായണം, മൂഷികവാഹനത്തില്‍ എഴുന്നള്ളത്ത് എന്നിവയും പഴയകല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ കളഭാഭിഷേകം, മോഹിനിയലങ്കാരം എഴുന്നള്ളത്തും കല്‍പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ വേദപാരായണം, ഉപനിഷത്ത് പാരായണം, തിരുകല്യാണോത്സവം രഥാരോഹണം എന്നിവയും നടന്നു. രഥോത്സവത്തിന് സുരക്ഷയൊരുക്കുന്നതിനായി മുന്നൂറ്റിഅമ്പതോളം പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്.
ഹരിത പ്രോട്ടോക്കാള്‍ ഉള്ളതിനാല്‍ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കികൊണ്ടുള്ള രഥോത്സവമാവും ഇത്തവണത്തേത്. രഥോത്സവ നഗരിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലിസ് എയ്ഡ് പോസ്റ്റ് ഇന്നലെ മുതല്‍ പ്രവര്‍ത്തന സജ്ജമായി. ചാത്തപുരത്തെ ഹോമിയോ ആശുപത്രിയില്‍ വെള്ളിയാഴ്ച വരെ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്. ക്ഷേത്രവും പരിസരവും പൂര്‍ണമായും സി.സിടിവി നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ടാം തേരുദിനമായ ഇന്നത്തെ രഥപ്രയാണം കൂടി കഴിഞ്ഞാല്‍ നാളെയാണ് രഥസംഗമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."