തെങ്ങുകളില്‍ കൂമ്പ് ചീയല്‍ രോഗം വര്‍ധിക്കുന്നു; കര്‍ഷകര്‍ ആശങ്കയില്‍
കുന്നുംകൈ: മലയോരത്ത് തെങ്ങുകളില്‍ വ്യാപകമായി കൂമ്പ് ചീയല്‍ രോഗം വര്‍ധിക്കുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാകുന്നു. നാളികേരത്തിനു വിപണിയില്‍ സാമാന്യ വില ലഭ്യമാവുകയും വെളിച്ചെണ്ണയുടെ വിലയില്‍ മാറ്റം വരികയും ചെയ്തതോടെയാണു കര്‍ഷകര്‍ക്ക് തെങ്ങ് കൃഷിയില്‍ പ്രതീക്ഷയായത്. എന്നാല്‍ തെങ്ങുകള്‍ക്ക് ഇത്തരത്തിലുള്ള രോഗങ്ങള്‍ കൂടി വരുന്നതിനാല്‍ ഈ കൃഷിയും അകാല ചരമമടയുമോ എന്ന ഭീതിയിലാണു കര്‍ഷകര്‍.
കൂമ്പ് ചീയലിന്റെ ആദ്യ ഘട്ടമെന്നു പറയുന്നതു നാമ്പോലയ്ക്കു ചുറ്റുമുള്ള ഒന്നോ രണ്ടോ ഇലകള്‍ക്കു മഞ്ഞനിറമാണ്. ക്രമേണ നാമ്പ് ഉണങ്ങി വാടിപ്പോകുകയും ഓലകളുടെ ചുവടുഭാഗം അഴുകി ഒരു തരം ദുര്‍ഗന്ധം പുറപ്പെടുകയും ചെയ്യും. ആരംഭദശയില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ രോഗം ഗുരുതരമായി തെങ്ങ് നശിച്ചു പോകാന്‍ സാധ്യതയുണ്ടന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്.
എല്ലാ പ്രായത്തിലുള്ള തെങ്ങിനെയും ഇതു ബാധിക്കുമെങ്കിലും ഇളംപ്രായത്തിലുള്ള തെങ്ങുകളിലാണു കൂടുതല്‍ പ്രശ്‌നമായി തീരുന്നത്. അന്തരീക്ഷ താപനില വളരെ കുറഞ്ഞിരിയ്ക്കുകയും ഈര്‍പ്പാംശം കൂടുകയും ചെയ്യുന്ന വര്‍ഷകാലങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.
പ്രാരംഭകാലത്ത് രോഗം കണ്ടുപിടിച്ചാല്‍ കീടനാശിനി ഉപയോഗിക്കാന്‍ വകുപ്പ് പറയുന്നുണ്ടെങ്കിലും അതു ഫലപ്രദമാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തരത്തിലുള്ള രോഗം ബാധിച്ച തെങ്ങുകളെ വെട്ടി തീയിട്ടുനശിപ്പിച്ചുകളയണമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ രോഗം ബാധിച്ചു വെട്ടിക്കളഞ്ഞ തെങ്ങുകള്‍ക്കു നാളികേര വികസന കോര്‍പറേഷനില്‍ നിന്ന് ഒരു തെങ്ങിന് ആയിരം രൂപ ധന സഹായം നല്‍കിയിരുന്നെങ്കിലും രണ്ടു വര്‍ഷമായി മുടങ്ങിയതായും കര്‍ഷകര്‍ ആരോപിച്ചു.
മഞ്ഞളിപ്പും കൂമ്പ് ചീയലും മറ്റ് രോഗങ്ങളും വകുപ്പ് പരീക്ഷണങ്ങളും ഗവേഷണങ്ങളും പൂര്‍ത്തിയാകുമ്പോഴേയ്ക്കും ശേഷിക്കുന്ന തെങ്ങുകളും നശിച്ചിരിക്കുമെന്നാണ് കര്‍ഷകരുടെ വാദം. റബറിന് വിലയിടിഞ്ഞതോടെ റബറിനെ ഉപേക്ഷിച്ച് പല കര്‍ഷകരും തെങ്ങ് കൃഷിയില്‍ അഭയം പ്രാപിച്ചങ്കിലും രോഗം വന്ന് കൃഷി നശിക്കുന്നതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് മലയോരത്തെ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."