ഓണ്‍ലൈനില്‍ വൈറലായി കൊച്ചി മെട്രോയിലെ ഭിന്നലിംഗ തൊഴിലാളികള്‍
തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വിഡിയോ ഓണ്‍ലൈനില്‍ വൈറലായി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റുചെയ്ത വിഡിയോക്ക് കേരളത്തിനു പുറമെ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്നലെ വരെ 14 ലക്ഷത്തിലധികം ആളുകള്‍ വിഡിയോ കണ്ടു. മുപ്പതിനായിരത്തോളം പേര് ഷെയര്‍ ചെയ്തിട്ടുണ്ട്.
ഓണ്‍ലൈനില്‍ വിഡിയോക്ക് ലഭിച്ച മികച്ച പ്രതികരണം ശ്രദ്ധയില്‍പ്പെട്ട അന്തര്‍ദേശീയ ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സ് വിഡിയോ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബസ് ഫീഡ് വെബ്സൈറ്റും ദേശീയ തലത്തിലെ ക്വിന്റ്, സ്കൂപ്പ് വൂപ്, സ്റ്റോറി പിക്ക്, ബീയിങ് ഇന്ത്യന്‍ തുടങ്ങിയ സൈറ്റുകളും ഫേസ്ബുക്കിലെ വിഡിയോ സംബന്ധിച്ച വാര്‍ത്ത നല്കി. ഈ വെബ്സൈറ്റുകളിലെല്ലാം നിരവധി പേരാണ് സര്‍ക്കാരിന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്.സി.എന്‍.എന്‍ ന്യൂസ് ചാനലും വാര്‍ത്ത ഏറ്റെടുക്കുകയുണ്ടായി.
30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ കഴിഞ്ഞ 16നാണ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയത്. ട്രാന്സ്ജെന്റര് ജീവനക്കാര്‍ ജനങ്ങളോട് സംവദിക്കുന്ന രീതിയിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ഭിന്നലിംഗക്കാരും, സ്വപ്നങ്ങളും അവകാശങ്ങളുമുള്ള സാധാരണ മനുഷ്യര്‍ തന്നെയാണെന്ന സന്ദേശമാണ് വിഡിയോ സമൂഹത്തിന് നല്‍കുന്നത്. 23 ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയതിലൂടെ ഇത്തരക്കാര്‍ക്ക് ജോലി നല്കിയ ഇന്ത്യയിലെ ആദ്യ സര്‍ക്കാരായി മാറാനും മറ്റു സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മാതൃകയാകാനും കേരള സര്‍ക്കാരിന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."