ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും നടപടിയില്ല
കോഴിക്കോട്: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസുകളിലെ ക്രമക്കേടുകള്‍ക്കെതിരെയുള്ള നടപടികള്‍ വൈകുന്നു. ഭക്ഷ്യസുരക്ഷ വകുപ്പില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നതായി തെളിഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട 16 റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് സര്‍ക്കാരിലേക്ക് അയച്ചിരുന്നു. സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണ് ഇതു സര്‍ക്കാരിലേക്ക് അയച്ചത്.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന്‍ മേല്‍ യാതൊരു നടപടിയും ഇതുവരേയും സ്വീകരിച്ചിട്ടില്ല.
സംസ്ഥാനത്തെ 45 ഭക്ഷ്യസുരക്ഷാ ഓഫിസുകളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തുകയും ചെയ്തു.
അരിയിലും കുടിവെള്ളത്തിലും മായം കലര്‍ത്തിയെന്ന ലാബ് പരിശോധനാ ഫലം അടക്കമുള്ള രേഖകള്‍ മുക്കിയതായും കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ ഓഫിസുകള്‍ കോഴ വാങ്ങി കേസുകള്‍ ഒതുക്കുന്നുവെന്ന ആരോപണവും ഉണ്ടായിരുന്നു.
സര്‍ക്കാരിലേക്ക് അയച്ച റിപ്പോര്‍ട്ടുകള്‍ക്കു മേല്‍ വ്യക്തമായ നിര്‍ദേശം ലഭിച്ചാലേ ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയുകയുള്ളൂവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ യൂനിറ്റ് ഓഫിസ് മുഖേന തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പൊലിസ് സൂപ്രണ്ട് തലത്തില്‍ പരിശോധിച്ച ശേഷം ശുപാര്‍ശകള്‍ സഹിതം ഡയറക്ടറേറ്റ് ഓഫിസിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് അയക്കുകയും ഇവിടെത്തെ പരിശോധനക്ക് ശേഷം നടപടിയെടുക്കാന്‍ സര്‍ക്കാരിലേക്ക് അയക്കുകയുമാണ് രീതി.
ഇത്തരത്തിലാണ് 16 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിലേക്ക് അയച്ചത്. ബാക്കിയുള്ളവയില്‍ പരിശോധന നടന്നു വരികയാണ്. ഏഴു മാസം മുമ്പു നടത്തിയ പരിശോധനയില്‍ കറിപ്പൊടി, മസാലപ്പൊടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ അളവില്‍ കൂടുതല്‍ എത്തിയോണ്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ നിലവില്‍ ഈ കമ്പനികളുടെ കറിപ്പൊടികള്‍ വിപണികളില്‍ സജീവമായി വിറ്റഴിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.
നടപടി വൈകുന്നതിന് കാരണം കമ്പനി ഉടമകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."