യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: രണ്ടു പേര് കൂടി അറസ്റ്റില്‍
കാസര്‍കോട്: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. സംഭവത്തില്‍ മൂന്നു പേരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.
മൊഗ്രാല്‍ പുത്തൂര്‍ മജലിലെ രാജേഷിനെ (28) സ്കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പെരിയടുക്ക സ്വദേശികളായ ഷിഹാബ് (25), ഹുസൈന് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ സൂത്രധാരനായ തളങ്കര ചെമനാട് കോംമ്പൗണ്ടില്‍ താമസിക്കുന്ന ബന്തിയോട് സ്വദേശി സുലൈമാന്‍ രിഫായി എന്ന ചിപ്പി (26)യെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. രിഫായി വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ഈ കേസിലെ മുഖ്യ പ്രതികളായ അണങ്കൂര്‍ ടിപ്പുനഗറിലെ ഖൈസല്‍ (28), അണങ്കൂര്‍ ടി.വി സ്റ്റേഷന് റോഡിലെ ഹബീബ് (22), മജലിലെ താജുദ്ദീന് (26) എന്നിവരെ കാസര്‍കോട് സി.ഐ സി.എ അബ്ദുര്‍ റഹിമിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കു സഹായം ചെയ്തു കൊടുത്തുവെന്നതിനാണ് ഷിഹാബിനെയും ഹുസൈനെയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
14ന് രാത്രി പെരിയടുക്ക മജല്‍ റോഡില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു വച്ചാണ് രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്. ആളുമാറി രാജേഷിനെ അക്രമിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ രാജേഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ ഒന്നാം പ്രതി ഖൈസലിനെതിരേ കാപ്പ ചുമത്താന്‍ പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."