പലിശനിരക്ക് തുടര്‍ച്ചയായി കുറയ്ക്കുന്നു; സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തില്‍ ഇടിവ്
തിരുവനന്തപുരം: പലിശ നിരക്കില്‍ തുടര്‍ച്ചയായി കുറവ് വരുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്‍ വന്‍ ഇടിവ് ഉണ്ടാകുന്നു. സഹകരണ സംഘങ്ങളെക്കാള്‍ ആകര്‍ഷകമായ നിരക്കില്‍ നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ വരവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ന്യൂജന്‍ ബാങ്കുകളും ട്രഷറി നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന കൂടുതല്‍ പലിശയും സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ കുറയ്ക്കുന്നതിന് ആനുപാതികമായി ബാങ്കിങ്ങ് മേഖലയില്‍ നിക്ഷേപത്തിലും വായ്പയിലും കുറവു വരുന്നുണ്ട്.
ഇക്കാരണംകൊണ്ട് ജനങ്ങള്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ കിട്ടുന്ന സംവിധാനങ്ങള്‍ നോക്കാറുണ്ട്. ഇതാണ് താരതമ്യേന പലിശ കുറഞ്ഞ സഹകരണ ബാങ്കുകളെ ഉപേക്ഷിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചത്. അതിനുശേഷം ഈ മാസം വീണ്ടും പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് കുറവ് വരുത്തുകയായിരുന്നു. 15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നല്‍കിയിരുന്നത് ഇപ്പോള്‍ 5.50 ആയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
46 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നേരത്തെ 6.50 ശതമാനം പലിശ നല്‍കിയിരുന്നത് കഴിഞ്ഞ ജൂലൈയില്‍ 6.25 ആക്കുകയും ഇപ്പോള്‍ ആറാക്കി കുറക്കുകയും ചെയ്തു. 91 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമായിരുന്നു പലിശയെങ്കില്‍ ജൂലൈയില്‍ അത് 6.50 ആക്കുകയും ഇപ്പോള്‍ 6.25 ശതമാനത്തിലേക്ക് കുറക്കുകയും ചെയ്തു.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനം പലിശ നല്‍കിയിരുന്നത് ജൂലൈയില്‍ 7.50 ആയി കുറച്ചത് ഇപ്പോള്‍ 7.25 ശതമാനമാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനം പലിശ ലഭിച്ചിരുന്നത് 7.25 ആക്കി കുറക്കുകയും ഇപ്പോള്‍ വീണ്ടും കുറച്ച് ഏഴിലേക്ക് നിജപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ഇതിനൊപ്പം സംസ്ഥാന സഹകരണ ബാങ്കിന്റെ പലിശ നിരക്കിലും .25 ശതമാനം മുതല്‍ ഒരു ശതമാനത്തിന്റെ വരെ കുറവ് വരുത്തിയിട്ടുണ്ട്.
നിലവില്‍ ട്രഷറിയും സഹകരണ ബാങ്കുകളും തമ്മില്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ .25 ശതമാനം മുതല്‍ ഒരു ശതമാനത്തിന്റെ വരെ വ്യത്യാസമുണ്ട്. സ്ഥിരം നിക്ഷേപങ്ങളെ സംബന്ധിച്ച് ഇത് വലിയ വ്യത്യാസമാണ്.
ഇത്തരത്തില്‍ സഹകരണ സംഘങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന സ്ഥിരം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുത്തനെ കുറച്ച് അനാകര്‍ഷകമാക്കി മാറ്റുന്നത് മേഖലയ്ക്ക് കനത്ത തിരിച്ചടിക്ക് കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."