കായികമേളയുടെ സംഘാടകരിലെ പ്രമുഖനെ പുറത്താക്കി പാലാ നഗരസഭ
പാലാ: അഫീലിന്റെ മരണത്തിനിടയാക്കിയ കായികമേളയുടെ സംഘാടകരിലെ ഒരു പ്രധാനിയും പാലാ മുനിസിപ്പല്‍ സ്റ്റേഡിയം മാനേജിങ് കമ്മറ്റിയംഗവുമായ വി.സി അലക്‌സിനെ സ്റ്റേഡിയം കമ്മറ്റിയില്‍നിന്ന് ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന പാലാ നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പൊലിസ് കേസെടുക്കുന്ന പക്ഷം സ്റ്റേഡിയം മാനേജിങ് കമ്മറ്റിയിലുള്ള മറ്റ് നാല് കായികാധ്യാപകരേയും ഒഴിവാക്കും.
ഗുരുതരമായ കൃത്യവിലോപമാണ് സംഘാടകര്‍ കാണിച്ചതെന്ന് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം കുറ്റപ്പെടുത്തി. സ്പര്‍ധയും തമ്മിലടിയും ധിക്കാരവും ധാര്‍ഷ്ട്യവും ഇവരുടെ മുഖമുദ്രയാണന്ന് ഭരണ പക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി.
സംഘാടകര്‍ക്കെതിരേ കൗണ്‍സിലര്‍മാര്‍ രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്.
കായികാധ്യാപകരെ കര്‍ശനമായി നിയന്ത്രിക്കണമെന്നും സ്റ്റേഡിയത്തിന്റെ പരിപൂര്‍ണ ചുമതല മുനിസിപ്പാലിറ്റി ഏറ്റെടുക്കണമെന്നും കൗണ്‍സിലര്‍മാരായ പ്രസാദ് പെരുമ്പള്ളി, ബിജു പാലൂപ്പടവില്‍, ജോര്‍ജുകുട്ടി ചെറുവള്ളില്‍, ബിനു പുളിക്കകണ്ടം എന്നിവര്‍ ആവശ്യപ്പെട്ടു.
കുട്ടി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് കായികാധ്യാപകരില്‍നിന്ന് വിശദീകരണം തേടും. ഏതു മത്സരം വന്നാലും അതു നിയന്ത്രിക്കുന്ന ഒരു ഉപജാപകവൃന്ദം സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും ഇവര്‍ എന്നും നഗരസഭയ്ക്ക് തലവേദന സൃഷ്ടിക്കുന്നതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഉടന്‍ നടക്കുന്ന പാലാ, ഈരാറ്റുപേട്ട, കൊഴുവനാല്‍ സബ് ജില്ല കായിക മേളകള്‍ വിവാദ സംഘാടകരുടെ നേതൃത്വത്തില്‍ നടത്താന്‍ അനുവദിക്കേണ്ടെന്നും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് അടിയന്തിരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് പ്രമേയത്തിലൂടെ നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."