വിധിയെഴുത്ത് ആരെ തുണയ്ക്കും?
കാസര്‍കോട്: മഴ മാറി നിന്നിട്ടും മഞ്ചേശ്വരത്ത് പോളിങ് ഉയര്‍ന്നില്ല. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ തീപാറുന്ന പ്രചാരണമായിരുന്നു മൂന്നു മുന്നണികളും നടത്തിയത്. കള്ളവോട്ട് ആരോപണം കോടതി കയറ്റിയതിനാല്‍ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകളും ഒഴിവാക്കി ശുദ്ധീകരിച്ചു. എന്നിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനേ കഴിഞ്ഞുള്ളൂ.
2016നേക്കാള്‍ കുറഞ്ഞ പോളിങ് ആരെ തുണക്കുമെന്നാണ് ഇനി അറിയേണ്ടത്. തങ്ങളുടെ കേന്ദ്രങ്ങളില്‍ പോളിങ് കൂടിയെന്ന് അവകാശപ്പെടുന്ന മൂന്നു മുന്നണികളും വിജയപ്രതീക്ഷയില്‍ തന്നെയാണ്. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്തുകളിലെല്ലാം നല്ല പോളിങാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈയും എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറുമെല്ലാം വിജയ പ്രതീക്ഷ പങ്കുവെച്ചു.
മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതലും കുറവും പോളിങ് നടന്നപ്പോഴെല്ലാം വിജയം യു.ഡി.എഫിനായിരുന്നു. 1987 ലാണ് മഞ്ചേശ്വരത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 77.67 ശതമാനം. ആകെ വോട്ടായ 1,05,374 ല്‍ 81,937 വോട്ടായിരുന്നു അന്ന് പോള്‍ ചെയ്തത്. മുസ്‌ലിം ലീഗിലെ ചെര്‍ക്കളം അബ്ദുല്ലയും ബി.ജെ.പിയിലെ എച്ച്. ശങ്കരന്‍ ആല്‍വയും തമ്മിലായിരുന്നു മത്സരം.
അന്ന് ചെര്‍ക്കളം 33,853 വോട്ടും ശങ്കരന്‍ ആല്‍വ 27,107 വോട്ടും നേടി. സി.പി.ഐയിലെ എ. സുബ്ബറാവു ആയിരുന്നു മൂന്നാം സ്ഥാനത്ത്. 19,924 വോട്ടാണ് സുബ്ബറാവു നേടിയത്. 6746 വോട്ടിന് ചെര്‍ക്കളം വിജയിച്ചു. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് 1965 ലാണ്. കോണ്‍ഗ്രസിലെ മഹാബല ഭണ്ഡാരും സി.പി.എമ്മിലെ എം. രാമണ്ണറെയും തമ്മിലായിരുന്നു മത്സരം. ആകെ പോള്‍ ചെയ്ത 41,427 വോട്ടില്‍ മഹാബല ഭണ്ഡാരി 20,983 വോട്ടും എം. രാമണ്ണറെ 15,139 വോട്ടും നേടി.
2016ല്‍ 76.33 ശതമാനം പേരാണ് വോട്ട് ചെയ്തത്. മുസ്‌ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖും ബി.ജെ.പിയിലെ കെ. സുരേന്ദ്രനുമായിരുന്നു പ്രധാന എതിരാളികള്‍. ആകെ പോള്‍ ചെയ്ത 158,886 വോട്ടില്‍ അബ്ദുല്‍ റസാഖ് 56,870 വോട്ടും കെ. സുരേന്ദ്രന്‍ 56,781 വോട്ടും നേടി. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു 42,565 വോട്ട് നേടി മൂന്നാമതെത്തി. പി.ബി അബ്ദുല്‍ റസാഖിന്റെ ഭൂരിപക്ഷം 89 വോട്ടായിരുന്നു.
മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കഴിയാത്തതാണ് മഞ്ചേശ്വരത്ത് പോളിങ് ശതമാനം കുറയാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പല പരിപാടികളും മണ്ഡലത്തില്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ വോട്ട് ചെയ്തപ്പോള്‍ പുരുഷ വോട്ടര്‍മാര്‍ കുറഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്ത്രീ വോട്ടര്‍മാരായിരുന്നു വോട്ട് ചെയ്തതില്‍ മുന്നില്‍. അന്ന് 11,113 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ 68,217 വോട്ടും എന്‍.ഡി.എയിലെ രവീശ തന്ത്രി കുണ്ടാര്‍ 57,104 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ 32,796 വോട്ടുമാണ് മണ്ഡലത്തില്‍ നിന്നും നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."