മധ്യപ്രദേശില്‍ ബി.ജെ.പിക്ക് വന്‍ പ്രതിസന്ധി
ന്യൂഡല്‍ഹി: ഈ മാസം 28നു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിക്കു കനത്ത പ്രഹരമായി വിമതശല്യം. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നു കലാപക്കൊടിയുയര്‍ത്തിയ 54 നേതാക്കളെ ബി.ജെ.പി പുറത്താക്കി. ഇതില്‍ മുന്‍ മന്ത്രിയും എം.എല്‍.എമാരും ഉള്‍പ്പെടും.
അടുത്തിടെ പുറത്തുവന്ന മിക്ക സര്‍വേകളും സംസ്ഥാനത്തു ബി.ജെ.പിയുടെ പരാജയം പ്രവചിച്ച പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിവിട്ടതിനു പിന്നാലെയാണ് വിമതശല്യവും ബി.ജെ.പിക്കു പ്രതിസന്ധിയാകുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരിക്കെ മത്സരരംഗത്തുനിന്നു പിന്‍മാറാതിരുന്ന മുന്‍ മന്ത്രിമാരും സിറ്റിങ് എം.എല്‍.എമാരും അടക്കമുള്ള വിമത സ്ഥാനാര്‍ഥികളെയാണ് പുറത്താക്കിയത്.
വിമതരെ പിന്തിരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം ശക്തമായ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല.
ഇതോടെയാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുഴുവന്‍ പേരെയും പുറത്താക്കിയതായി ഇന്നലെ അറിയിച്ചത്. മുതിര്‍ന്ന നേതാക്കളായ സര്‍ജിത് സിങ്, മുന്‍ മന്ത്രി രാമകൃഷ്ണ കുസ്മരിയ, ബിന്ദ് എം.എല്‍.എ നരേന്ദ്ര കുശ്‌വാഹ, ഗ്വാളിയോര്‍ മുന്‍ മേയറും വനിതാ നേതാവുമായ സമീക്ഷാ ഗുപ്ത, ലത മെഹ്‌സാകി, ധീരജ് പടേരിയ, രാജ്കുമാര്‍ യാദവ് തുടങ്ങിയവരെയാണ് പുറത്താക്കിയത്. സംസ്ഥാനത്തെ മുപ്പതോളം സീറ്റുകളില്‍ വിമതര്‍ വിധി നിര്‍ണയിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ദമോ മണ്ഡലത്തില്‍ മത്സരിക്കുന്ന ധനമന്ത്രി ജയന്ത് മല്ലയ്യയാണ് ഏറ്റവും വലിയ വിമത ഭീഷണി നേരിടുന്നത്. രാമകൃഷ്ണ കുസ്മരിയയാണ് മല്ലയ്യയ്ക്കു ഭീഷണിയുയര്‍ത്തി മത്സരിക്കുന്നത്. തൊട്ടടുത്ത മണ്ഡലമായ പതാരിയയിലും കുസ്മരിയ പത്രിക നല്‍കിയിട്ടുണ്ട്.
സമീക്ഷാ ഗുപ്ത അടക്കമുള്ളവര്‍ നേരത്തെ പാര്‍ട്ടിവിട്ടതായി പ്രഖ്യാപിച്ചവരാണ്. ജന. സെക്രട്ടറി കുല്‍ദീപ് ദന്‍കര്‍, മന്ത്രിയും വനിതാ നേതാവുമായ പത്മ ശുക്ല, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ സഞ്ജയ് സിങ് മസാനി എന്നിവരും നേരത്തെ പാര്‍ട്ടിവിടുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.
മധ്യപ്രദേശിനൊപ്പം വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനിലും വിമതശല്യവും പാര്‍ട്ടിയില്‍നിന്നുള്ള രാജിവയ്ക്കലും ബി.ജെ.പിക്കു തലവേദനയാണ്.
ബി.ജെ.പി എം.പിയും മുന്‍ ഡി.ജി.പിയുമായ ഹരീഷ് മീണ, പാര്‍ട്ടിയുടെ മുസ്‌ലിം മുഖമായി അറിയപ്പെട്ടിരുന്ന ഹബീബുര്‍റഹ്മാന്‍ എം.എല്‍.എ, മന്ത്രി സുരേന്ദ്ര ഗോയല്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങിന്റെ മകനും മുന്‍ എം.എല്‍.എയുമായ മന്‍വേന്ദ്ര സിങ് തുടങ്ങിയവരാണ് അടുത്തിടെ പാര്‍ട്ടിയില്‍നിന്നു പുറത്തുപോയത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പാര്‍ട്ടിവിട്ട സുരേന്ദ്ര ഗോയല്‍ അടക്കമുള്ളവര്‍ സ്വതന്ത്രരായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികയില്‍ ഇടം ലഭിക്കാത്ത 20 എം.എല്‍.എമാരാണ് ഇത്തവണ സ്വന്തം നിലയ്ക്കു മത്സരിക്കുമെന്നറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."