കര്‍ഷകന്റെ ആത്മഹത്യ; കൊലക്കുറ്റത്തിന് കേസെടുക്കണം
കൈക്കൂലി നല്‍കാന്‍ തയ്യാറാകാതിരുന്ന കര്‍ഷകന്‍ വില്ലേജ് ഓഫീസ് വരാന്തയില്‍ തൂങ്ങിമരിച്ച് കേരളത്തെ നടുക്കിയിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ചെമ്പനോട വില്ലേജ് ഓഫീസിന്റെ വരാന്തയിലാണ് ചെമ്പനോട കാവില്‍പുരയിടത്തില്‍ ജോയി തൂങ്ങിമരിച്ചത്. തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ കരം ഒടുക്കുവാന്‍ ഈ കര്‍ഷകന്‍ വില്ലേജ് ഓഫീസിന്റെ പടികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. എന്നാല്‍, വില്ലേജ് അസിസ്റ്റന്റ് സിലീഷ് ഓരോരോ തടസ്സങ്ങള്‍ ഉന്നയിച്ച് കരം ഒടുക്കുന്നതില്‍നിന്ന് ജോയിയെ തടയുകയായിരുന്നു. 2 വര്‍ഷം മുമ്പ് ഇതേ ഭൂമിയുടെ പേരില്‍ ജോയി കരം അടച്ചതാണ്. അതാകട്ടെ കുടുംബസമേതം വില്ലേജ് ഓഫീസിന് മുമ്പില്‍ സമരം ചെയ്തായിരുന്നു. നിയമപരമല്ല ജോയിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമിയെങ്കില്‍ 2 വര്‍ഷം മുമ്പ് കരം സ്വീകരിക്കുമായിരുന്നില്ലല്ലോ.
പച്ചയ്ക്ക് കൈക്കൂലി ആവശ്യപ്പെടുന്ന സിലീഷിനെ പോലുള്ളവര്‍ ഓരോ സര്‍ക്കാര്‍ ഓഫീസുകളിലും അള്ളിപ്പിടിച്ചിരിക്കുന്നതിനാലാണ് കേരളത്തില്‍ ഇത്തരമൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. എത്ര ശമ്പള കമ്മീഷന്‍ പരിഷ്‌കരണങ്ങള്‍ വന്നാലും ഇവരെ ശമ്പളം കൊണ്ട് മൂടിയാലും അഴിമതി തലയ്ക്കുപിടിച്ച ഏതാനും ചില ഉദ്യോഗസ്ഥരെ തളയ്ക്കാന്‍ കഴിയില്ല. അതാണ് ജോയിയുടെ ആത്മഹത്യ നല്‍കുന്ന സന്ദേശം. സ്ഥലം സന്ദര്‍ശിച്ച കോഴിക്കോട് ജില്ലാ കലക്ടര്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. വൈകിയാണെങ്കിലും വില്ലേജ് ഓഫീസര്‍ സണ്ണിയെയും സസ്‌പെന്റ് ചെയ്തിരിക്കുന്നു. ഇതുകൊണ്ടെന്തു ഫലം. സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളവും പറ്റി സസ്‌പെന്‍ഷന്‍ കാലാവധി കഴിയുമ്പോള്‍ ഇവര്‍ തിരികെ സീറ്റിലെത്തും. വീണ്ടും കര്‍ഷകരോട് കൈകൂലി ആവശ്യപ്പെടുകയും ചെയ്യും. സിലീഷ് കൈക്കൂലി ചോദിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ജോയിയുടെ ഭാര്യ മോളി തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇത്തരം ആളുകളെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു തൂത്തെറിയുകയാണ് വേണ്ടത്.
സംഘടനയെ സമീപിച്ച് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി സിലീഷിനെ പോലുള്ള അഴിമതി വീരന്മാര്‍ സീറ്റില്‍ മടങ്ങിയെത്തുകയാണ് പതിവ്. ഇവിടെയും അത് ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ട അഴിമതി കുറച്ചുകൊണ്ടുവരലല്ല, അഴിമതി തന്നെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ പദ്ധതിയെന്ന പ്രഖ്യാപനം വെറും പൊളിവചനമായി കലാശിക്കും. ജോയിക്ക് നല്‍കാനായി എഴുതിവച്ച കരം രശീതി കൈക്കൂലി മോഹിച്ച് സിലീഷ് നല്‍കാതിരിക്കുകയായിരുന്നു. തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ കരം സ്വീകരിക്കുന്നില്ലെങ്കില്‍ താന്‍ ഈ വില്ലേജ് ഓഫീസില്‍ കെട്ടിത്തൂങ്ങി മരിക്കുമെന്ന് ജോയി പറഞ്ഞപ്പോള്‍ അതും പറഞ്ഞ് ജോയിയുടെ ഭാര്യയെ പരിഹസിക്കുകയായിരുന്നു സിലീഷ് അടക്കമുള്ള ചെമ്പനോട വില്ലേജ് ഓഫീസിലെ ജീവനക്കാര്‍. എത്ര ക്രൂരമാണിത്. ആദ്യം പുറമ്പോക്ക് ഭൂമിയാണെന്നും പിന്നീട് വനഭൂമിയാണെന്നും പറഞ്ഞു ജോയിയെ കരമൊടുക്കുന്നതില്‍നിന്നു തടയുകയായിരുന്നു സിലീഷ്. ചെമ്പനോട വില്ലേജ് ഓഫീസിനെ കുറിച്ച് നേരത്തേ തന്നെ ധാരാളം പരാതികള്‍ ഉയര്‍ന്നുവന്നതാണ്. കരം ഒടുക്കാന്‍ വരുന്നവരെ കൈയേറ്റ ഭൂമിയാണെന്നും വനഭൂമിയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഒരു മാഫിയ തന്നെ മലയോര വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കുടിയേറ്റക്കാരെ കൈയേറ്റക്കാരായി ചിത്രീകരിച്ചും കര്‍ഷകരെ ഇവര്‍ ദ്രോഹിക്കുന്നു.
ഭീമമായ തുകയാണ് ഇവര്‍ കൈകൂലിയായി ചോദിച്ചുവാങ്ങുന്നത്. അതിനാല്‍ പലരും കൈകൂലി കൊടുക്കുവാന്‍ നിര്‍ബന്ധിതരാവുകയും അതിന്റെ പേരില്‍ കടക്കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു. ഇവിടങ്ങളിലെ ജോയിന്റ് സര്‍വെ സര്‍ക്കാര്‍ നിര്‍ത്തിവച്ചത് അഴിമതി ഉദ്യോഗസ്ഥര്‍ക്ക് ചാകരയായിരിക്കുകയാണ്. വര്‍ഷങ്ങളായി താമസിക്കുന്ന കര്‍ഷകരെ കുടിയിറക്കിക്കൊണ്ടുള്ള ഒരു നടപടി സാധ്യമല്ലെന്നിരിക്കെ അതിന്റെ പേരില്‍ കൈക്കൂലി വാങ്ങി കൊഴുത്ത് തടിക്കുന്ന ഉദ്യോഗസ്ഥരെ പുറംതള്ളുകയാണ് അഴിമതിരഹിതഭരണം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ചെയ്യേണ്ടത്. സസ്‌പെന്‍ഷന്‍ ഒരിക്കലും ശിക്ഷയല്ല. ജോയിയുടെ വീടിന്റെ ചുറ്റിലുമുള്ളവരുടെ കരം ഒടുക്കിക്കൊടുത്ത വില്ലേജ് ഓഫീസ് എന്തു പോരായ്മയാണ് ജോയിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമിക്ക് കണ്ടെത്തിയതെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. വില്ലേജ് ഓഫീസിനെ സംബന്ധിച്ച് ധാരാളം പരാതികള്‍ കലക്ടര്‍ക്ക് ലഭിച്ചതാണ്. കലക്ടറുടെ ഉത്തരവുകളൊന്നും ഇവര്‍ പാലിക്കുന്നില്ല. ജോയി ആത്മഹത്യ ചെയ്തത് സിലീഷിന്റെ നിരന്തരമായ പീഡനങ്ങളാലാണ്.
അതിനാല്‍ തന്നെ ഇയാള്‍ക്കെതിരേ കൊലപാതകത്തിന് കേസെടുക്കേണ്ടതാണ്. മനുഷ്യത്വപരമായ നിലപാടുകള്‍ സ്വീകരിക്കാത്ത അഴിമതി ഭൂതങ്ങള്‍ വാഴുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ സമൂലമായ ഒരു മാറ്റത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വിധേയമാക്കുന്നില്ലെങ്കില്‍ അവര്‍ ഉയര്‍ത്തിയ അഴിമതിവിരുദ്ധ ഭരണമെന്ന മുദ്രാവാക്യം വ്യാജമായിരുന്നുവെന്ന് ജനം തിരിച്ചറിയും. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭാരിച്ച തുക ശമ്പളവര്‍ധനവിനായി ഖജനാവില്‍ നിന്നു സര്‍ക്കാര്‍ നീക്കിവയ്ക്കുന്നു. ശമ്പളവര്‍ധന ശുപാര്‍ശ ചെയ്യുന്ന കമ്മീഷന്‍ കൂടെ നല്‍കാറുള്ള ശുപാര്‍ശ കൂടുതല്‍ കര്‍മശേഷി ഉദ്യോഗസ്ഥരില്‍നിന്നു ഉണ്ടാകണമെന്നാണ്. സിലീഷിനെ പോലുള്ളവര്‍ അള്ളിപ്പിടിച്ചിരിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ അത്തരം നിര്‍ദേശങ്ങള്‍ ആര് പാലിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."