സര്‍വലോകങ്ങള്‍ക്കും കാരുണ്യവര്‍ഷം
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍#
ലോകത്തിനു കാരുണ്യമായിട്ടല്ലാതെ അങ്ങയേ നാം നിയോഗിച്ചിട്ടില്ല' എന്നു പുണ്യനബി (സ്വ)യെ കുറിച്ച് അല്ലാഹു പറയുന്നു. കാരുണ്യത്താല്‍ സ്പന്ദിക്കുന്ന ഹൃദയനാമം ആണ് തിരുനബി (സ്വ). മാനവ സമൂഹത്തിന് കാരുണ്യം കൊണ്ട് മൂടിയ സ്‌നേഹവലയം കെട്ടിപ്പടുക്കുന്ന നായകര്‍, അവിടെ സമുദായത്തിന്റെ വിമോചനത്തിനായി ദൈവിക ഉള്‍വിളികളിലേക്ക് അവര്‍ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്. അഖിലലോകങ്ങളിലും മാനവ സമൂഹത്തിന്റെ വൈവിധ്യമായ ജീവിതങ്ങളിലെയും സകല മേഖലകകളിലും വെളിച്ചത്തിന്റെ വഴി കാണിക്കുകയായിരുന്നു തിരുനബി (സ്വ). അത് ഒരു കാലത്തേക്കല്ല, പ്രത്യേക ദേശത്തേക്കുമല്ല. പ്രപഞ്ചമാകെ പടര്‍ന്നു നില്‍ക്കുന്ന അനുഗ്രഹത്തിന്റെ മാര്‍ഗമാണ് അവിടുന്ന്. വിശുദ്ധ ജീവിതത്തിന്റെ നാനാമേഖലകളിലും മാതൃക, ജീവിത വ്യവസ്ഥകളുടെ മാര്‍ഗരേഖ, മതജീവിതത്തിലെ ആദര്‍ശ നിഷ്ഠയും മാനവികബോധവും സാമൂഹികക്രമവും ചിട്ടപ്പെടുത്തുകയായിരുന്നു തിരുനബി (സ്വ) തന്റെ ജീവിതത്തിലൂടെ. ഖുര്‍ആനായിരുന്നുവല്ലോ അവിടുത്തെ ജീവിതം. മതത്തിന്റെ അന്തഃസത്തയെ അനുയായികളിലേക്ക് കൈമാറ്റം ചെയ്യുകയെന്നതിനു ജീവിതപാഠങ്ങളാണ് തിരുനബി(സ്വ) സന്ദേശമായി സമര്‍പ്പിച്ചതും. കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഭരണരംഗത്തും പ്രബോധന മേഖലയിലുമെല്ലാം വിശ്വാസിയുടെ നിലപാട് രൂപപ്പെടുത്തിയെടുക്കേണ്ടത് തിരുദൂതരില്‍ നിന്നായിരിക്കണം.
ഹസന്‍ (റ)വിനെ ഒരിക്കല്‍ ചുംബിക്കുകയാണ് തിരുനബി (സ്വ). ഇതുകണ്ട് അനുയായികളിലൊരാള്‍ പറഞ്ഞു 'പത്തുമക്കളുണ്ടെനിക്ക്. ഇതുവരെയും ചുംബിച്ചിട്ടില്ല. കരുണ കാണിക്കാത്തവര്‍ക്ക് അതു ലഭിക്കില്ല' എന്നായിരുന്നു തിരുദൂതരുടെ മറുപടി. പുഞ്ചിരിക്കുന്നത്‌വരെ ധര്‍മ്മം ആണെന്നാണ് തിരുമൊഴി. അനാഥര്‍, അഗതികള്‍, അയല്‍ക്കാര്‍ തുടങ്ങിയവരുടെയെല്ലാം അവകാശങ്ങള്‍, സംരക്ഷണം തുടങ്ങിയവയെക്കുറിച്ചും, അവരെ പരിചരിക്കുന്നതിലെ പ്രാധാന്യത്തെക്കുറിച്ചും തിരുദൂതര്‍(സ്വ) ഊന്നിപ്പഠിപ്പിച്ചു. ഒരവയവത്തിന്റെ അസുഖം ആ ശരീരം മുഴുവന്‍ പങ്കുകൊള്ളുന്നത്‌പോലെ സാമൂഹികക്രമത്തെ പരസ്പരം കൂട്ടിയിണക്കി കാണിച്ചുനല്‍കി.
മനുഷ്യരോടെന്നപോലെ തന്നെ ഇതര ജീവജാലങ്ങളോടും കാരുണ്യവും സ്‌നേഹവും ദയാവായ്പും കാണിക്കുന്നതിന്റെ പ്രാധാന്യം ഏറെയാണ്. ഒരിക്കല്‍ തിരുനബി (സ്വ) തന്റെ ഒരനുയായിയുടെ തോട്ടത്തില്‍ പ്രവേശിച്ചു. അവിടെ ഒരു ഒട്ടകം പ്രയാസം കൊണ്ട് കരയുകയും ഒച്ചവയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തിരുദൂതര്‍ (സ്വ) അതിന്റെ ചെവിയുടെ പിന്‍ഭാഗം സൗമ്യമായി തടവി. ശേഷം അതിന്റെ ഉടമയോട് ഇപ്രകാരം പറഞ്ഞു. 'ഇതിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ, നീ അതിനെ അമിത ജോലികൊണ്ട് പ്രയാസപ്പെടുത്തുന്നതായി അതെന്നോട് പരാതി പ്പെടുന്നു'. തള്ളപ്പക്ഷിയുമായി വേര്‍പ്പെടുത്തിയ പക്ഷിക്കുഞ്ഞുങ്ങളുടെ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു അവിടുന്ന്. ഉറുമ്പിന്‍കൂട്ടത്തെ കരിച്ചതു കണ്ടപ്പോള്‍ അതിനെ കുറിച്ചു താക്കീത് ചെയ്യുന്നു. നിസാരമെന്നു തോന്നുന്ന കാര്യങ്ങളില്‍വരെ നീതിപൂര്‍വമായ സമീപനത്തെ കുറിച്ചാണ് അല്ലാഹുവിന്റെ ദൂതര്‍ (സ്വ) സംസാരിക്കുന്നത്. വ്യക്തി, കുടുംബ- സാമൂഹിക ജീവിതം, ഭരണവ്യവസ്ഥ, മാനവിക പുരോഗതി തുടങ്ങി ജീവിതത്തിലെ വൈവിധ്യ മേഖലകളെ മുഴുവന്‍ തിരുസുന്നത്തുകള്‍ പ്രതിപാദിക്കുന്നു. തിരുജീവിതത്തിന്റെ ഏത് മേഖലയിലും അവിടുന്ന് പരിപൂര്‍ണനാണല്ലോ. ലോകത്തിന്റെ വിമോചന ദര്‍ശനങ്ങളെ പ്രവാചക ജീവിതത്തിലൂടെ വായിക്കണം നാം.
തിരുനബി (സ്വ)യുടെ സ്‌നേഹസാമീപ്യം കൊതിക്കുകയെന്നത് വിശ്വാസിയുടെ ബാധ്യതയാണ്. വിശ്വാസത്തിന്റെ പൂര്‍ണത തിരുനബി(സ്വ)യോടുള്ള സ്‌നേഹമാണ്. അനുചരന്‍മാര്‍ അതിനുവേണ്ടി മത്സരിച്ചു.
അബൂസുഫ്‌യാന്‍ (റ) ഇസ്്‌ലാം ആശ്ലേഷിക്കുന്നതിന് മുന്‍പ് പറയുന്നുണ്ട്: 'മുഹമ്മദിനെ (സ്വ) അനുയായികള്‍ സ്‌നേഹിക്കുന്നത്‌പോലെ മറ്റൊരു നേതാവിനെയും അനുയായികള്‍ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.' തൂക്കുമരത്തില്‍ ശത്രുസേനയുടെ ക്രൂരതക്ക് ഇരയായി രക്തസാക്ഷിത്വം വരിക്കുകയാണ് സയ്യിദുനാ ഖുബൈബ്(റ).
അപ്പോള്‍ ശത്രുസംഘം ചോദിക്കുന്നുണ്ട്, ഖുബൈബിനെ മോചിപ്പിക്കാം, പകരം മുഹമ്മദിനെ വിട്ടുതരാമോ? സ്വഹാബി സമ്മതമല്ലെന്നു മറുപടി മൊഴിഞ്ഞു. അവര്‍ അദ്ദേഹത്തിന്റെ വലതുകൈ ഛേദിച്ചു. പിന്നേയും ചോദിച്ചു. ചീത്ത വിളിക്കുകയെങ്കിലും ചെയ്യാമോ? ഖുബൈബ് (റ) പതറിയില്ല. അതോടെ അവര്‍ ഇടതുകരവും ഛേദിച്ചു.
ക്രൂരന്‍മാരായ ശത്രുസേന അദ്ദേഹത്തിന്റെ രണ്ടുകാലുകളും മുറിച്ചുകളഞ്ഞു. അവസാനം അവര്‍ ഇങ്ങനെ ചോദിച്ചു, 'ഈ കഴുമരത്തില്‍ താങ്കള്‍ക്കു പകരം മുഹമ്മദാണെന്നു ഒന്നു സങ്കല്‍പിച്ചുകൂടേ?' ഉടനെ ധീരനായ ഖുബൈബ് (റ)മറുപടി കൊടുത്തു, 'ഇല്ല, പുണ്യനബി (സ്വ)യുടെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും സങ്കല്‍പിക്കാന്‍ എനിക്കു സാധ്യമല്ല'. ആ കഴുമരത്തില്‍ ധീരനായ അനുയായി രക്ഷസാക്ഷിത്വം വരിച്ചു. സ്വഹാബികളുടെ തിരുസ്‌നേഹത്തിന്റെ ഉദാഹരണങ്ങള്‍ എത്രയോ മഹത്തരമാണ്. ആ സ്‌നേഹവസന്തം ആസ്വദിക്കുവാനും മറ്റെല്ലാറ്റിനുമുപരി സ്‌നേഹിക്കാനും സാധിക്കുന്നവരാണ് മഹാഭാഗ്യശാലികള്‍.
അല്ലാഹു പറയുന്നു 'സ്വന്തത്തില്‍ നിന്നുതന്നെയുള്ള ഒരു റസൂല്‍ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടുത്തേക്ക് അസഹനീയമാണ്.
നിങ്ങളുടെ സന്‍മാര്‍ഗ പ്രാപ്തിയില്‍ അതീവ ഇച്ഛയും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടുന്ന്.(സൂറത്തുത്തൗബ 128)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."