സഊദി-കുവൈത്ത് അതിര്‍ത്തിയിലെ ന്യൂട്രല്‍ സോണില്‍ എണ്ണയുല്പാദനം പുനരാരംഭിക്കുന്നു
റിയാദ്: പരമാധികാര പ്രശ്നത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സഊദി-കുവൈത്ത് അതിര്‍ത്തിയിലെ ന്യൂട്രല്‍ സോണിലെ എണ്ണയുല്പാദനം പുനരാരംഭിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് എണ്ണ സമ്പുഷ്ടമായ ഈ മേഖലകളില്‍ നിന്നും എണ്ണയുത്പാദനം പുനരാരംഭിക്കാന്‍ ധാരണയിലെത്തിയതെന്നു പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ഖബസ്, അല്‍ റായി എന്നീ കുവൈത്ത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1922ല്‍ സഊദിയും കുവൈത്തും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള 5,700 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ന്യൂട്രല്‍ സോണില്‍ രണ്ടു പ്രധാന എണ്ണപ്പാടങ്ങളാണുള്ളത്. ഇതില്‍ അല്‍വഫ്റ കരയിലും ഖഫ്ജി സമുദ്രത്തിലുമാണ്. ന്യൂട്രല്‍ സോണ്‍ വിഭജിക്കുന്നതിനും മേഖലയുടെ പകുതിവീതം തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുന്നതിനും മേഖലയിലെ എണ്ണസമ്പത്ത് പങ്കുവയ്ക്കുന്നതിനും എഴുപതുകളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.
ഖഫ്ജി കമ്പനി 2014 ഒക്ടോബറോടെയാണ് പാരിസ്ഥിക പ്രശ്നത്തിന്റെ പേരില്‍ ഉത്പാദനം നിര്‍ത്തി അടച്ചുപൂട്ടിയത്. ഇത് അടച്ചുപൂട്ടുന്നതിനു മുന്‍പ് വരെ ഇവിടെ നിന്നും പ്രതിദിനം 2,80,000 മുതല്‍ 3,00,000 ബാരല്‍ വരെ എണ്ണ ഉത്പാദിപ്പിച്ചിരുന്നു.
പ്രതിദിനം 2,20,000 ബാരല്‍ അറേബ്യന്‍ ഹെവി ക്രൂഡ് ഉത്പാദന ശേഷിയുള്ള അല്‍വഫ്റ എണ്ണപ്പാടം 2015 മെയിലാണ് അടച്ചുപൂട്ടിയത്. പിന്നീട് രണ്ടിടങ്ങളില്‍ നിന്നും എണ്ണയുല്പാദനം നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."