കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം: ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് നടപ്പിലാക്കാവുന്ന പദ്ധതികളെ കുറിച്ച് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
കുട്ടനാട്, കോള്‍ മേഖല എന്നിവിടങ്ങളില്‍ നടത്താവുന്ന പരിസ്ഥിതി സൗഹൃദ കൃഷി പദ്ധതികള്‍, മലനാട് മേഖലകളിലെ സുസ്ഥിര കാര്‍ഷിക വികസന പദ്ധതികള്‍, കാര്‍ഷിക വിപണി ഇടപെടലുകള്‍, കേരമേഖലയിലെ മൂല്യ വര്‍ദ്ധന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചയാണ് നടന്നത്.
കുട്ടനാട് മേഖയിലെ സമഗ്ര വികസനത്തിന് വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം അത്യാവശ്യമാണെന്ന് കൃഷി മന്ത്രി അഭിപ്രായപ്പെട്ടു. ഇക്കോഷോപ്പുകള്‍, വി.എഫ്.പി.സി.കെ വിപണികള്‍, കുടുംബശ്രീ വിപണികള്‍ എന്നിവ ഏകോപിപ്പിച്ച് ലോകനിലവാരമുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഇറക്കുന്നതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കും.
കേരകൃഷി വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കി ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകബാങ്കിനെ പ്രതിനിധീകരിച്ച് ലീഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ദീപക് സിങ്, സീനിയര്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് (അഗ്രി ഗ്ലോബല്‍ പ്രാക്റ്റീസ്) വിനായക് നാരായണന്‍, അഞ്ചു ഗൗര്‍ (സീനിയര്‍ വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്), സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.രാജശേഖരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."