കുര്‍ദ് സേന പിന്‍വാങ്ങിയില്ലെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് തുര്‍ക്കി
അങ്കാറ: യു.എസ് മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഇന്ന് വൈകീട്ട് അവസാനിക്കാനിരിക്കെ അതിനു മുമ്പായി മേഖലയില്‍ നിന്ന് കുര്‍ദ് സൈനികര്‍ പിന്മാറിയില്ലെങ്കില്‍ ഉത്തര കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി സൈനിക നടപടി പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവസോഗ്‌ലു.
ഇക്കാര്യം യു.എസുമായുണ്ടാക്കിയ കരാറില്‍ പറഞ്ഞതാണ്. വെടിനിര്‍ത്തലിനു ശേഷവും കുര്‍ദ് സംഘങ്ങള്‍ 30 തവണ വെടിവയ്പു നടത്തി. ഒരു തുര്‍ക്കി സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനു തിരിച്ചടി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കുര്‍ദ് സേന 30 കി.മീ ഉള്ളിലോട്ട് പിന്മാറണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം.
അതേസമയം ഞായറാഴ്ചയോടെ കുര്‍ദ് സൈനികര്‍ റാസല്‍ ഐനില്‍ നിന്നു പിന്‍വാങ്ങിയതായി സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ് വക്താവ് കിനോ ഗബ്രിയേല്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ വിമതര്‍ ഇത് തള്ളിക്കളയുന്നു. 30 ശതമാനം പ്രദേശത്ത് അവര്‍ ഇപ്പോഴും നിലയുറപ്പിച്ചതായാണ് ഇവര്‍ പറയുന്നത്.
അതിനിടെ സിറിയയില്‍ തുര്‍ക്കി സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് തങ്ങള്‍ എതിരാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."