ഈയാഴ്ച കരാര്‍ പാര്‍ലമെന്റില്‍ പാസായില്ലെങ്കില്‍ ഫെബ്രുവരിക്കു മുമ്പ് ബ്രെക്‌സിറ്റ് നടക്കില്ലെന്ന് ഇ.യു
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കൊണ്ടുവന്ന കരാര്‍ പാര്‍ലമെന്റില്‍ ഈയാഴ്ച തന്നെ പാസാക്കാനായില്ലെങ്കില്‍ ബ്രെക്‌സിറ്റ് 2020 ഫെബ്രുവരി വരെ വൈകിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍. ബ്രെക്‌സിറ്റ് നീട്ടാന്‍ ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കിയ സാഹചര്യത്തിലാണിത്. 306 നെതിരേ 322 വോട്ടിനാണ് കണ്‍സര്‍വേറ്റീവ് എം.പി ഒലിവര്‍ ലെറ്റ്‌വിന്‍ കൊണ്ടുവന്ന പ്രമേയം പാസായത്.
ബ്രെക്‌സിറ്റിന്റെ പ്രഖ്യാപിത അന്തിമ തിയതിയായ ഒക്ടോബര്‍ 31നകം കരാര്‍ പാസായാല്‍ ബ്രിട്ടന് നവംബറിലോ ഡിസംബറിലോ ജനുവരിയിലോ യൂറോപ്യന്‍ യൂനിയന്‍ വിടാം- നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കരാറോടു കൂടിയോ കരാറില്ലാതെയോ ഈമാസം 31ഓടെ ബ്രെക്‌സിറ്റ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ശനിയാഴ്ച പാര്‍ലമെന്റില്‍ കരാര്‍ വോട്ടിനിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ബ്രെക്‌സിറ്റ് വൈകിക്കണമെന്നാവശ്യപ്പെട്ട് നിയമപ്രകാരം ഇ.യുവിന് കത്തയക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ ആ കത്തില്‍ പ്രധാനമന്ത്രി ഒപ്പിട്ടിരുന്നില്ല. ബ്രെക്‌സിറ്റ് തിയതി വൈകിക്കുന്നത് ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കുമെന്നും ഈ മാസം തന്നെ നടത്തണമെന്നും പറഞ്ഞ് ജോണ്‍സന്‍ മറ്റൊരു കത്ത് യൂറോപ്യന്‍ യൂനിയന് അയക്കുകയും ചെയ്തു.
അതിനിടെ ബ്രെക്‌സിറ്റിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ ഒരു തവണ കൂടി ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അടുത്ത തിങ്കളാഴ്ചയായിരിക്കും അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."