27-ാം രാവിന്റെ പുണ്യംതേടി വിശ്വാസിസാഗരം
മക്കമദീന: പുണ്യമാസത്തെ അവസാനദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്ന റമദാന്‍ 27-ാം രാവില്‍ പ്രാര്‍ഥനാമുഖരിതമായി മുസ്‌ലിം ലോകം. വിശ്വാസിസാഗരത്താല്‍ നിറഞ്ഞുകവിഞ്ഞിരുന്നു ഇന്നലെ ഇരു ഹറമുകളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷങ്ങളാണ് മക്കയിലും മദീനയിലും ഇന്നലെ സംഗമിച്ചത്.
പ്രപഞ്ചനാഥനിലേക്ക് ഇരുകൈയുമുയര്‍ത്തി ഇടറുന്ന കണ്ഠങ്ങളോടെ പ്രാര്‍ഥനയിലും ആരാധനാകര്‍മങ്ങളിലുമായി അവര്‍ പുണ്യരാവ് മുഴുക്കെ ചെലവഴിച്ചു. സ്വദേശികള്‍ക്കൊപ്പം വിദേശികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരും ഒഴുകിയെത്തിയപ്പോള്‍ ഹറമും പരിസരവും ജനനിബിഡമായി. ഇശാ നിസ്‌കാരത്തിനുശേഷം നടന്ന തറാവീഹ് നിസ്‌കാരത്തിലും 'ഖിയാമുല്ലൈല്‍' അടക്കമുള്ള പ്രത്യേക പ്രാര്‍ഥനകളിലും പങ്കെടുത്ത് അവര്‍ പുലര്‍ച്ചവരെ ദൈവികചിന്തയില്‍ നിമഗ്നരായി.
ഇന്നലെ വൈകിട്ട് നോമ്പുതുറ സമയത്തു തന്നെ മക്കയിലേക്കുള്ള എല്ലാ വഴികളും നിറഞ്ഞുകവിഞ്ഞിരുന്നു. നോമ്പുതുറ കഴിഞ്ഞ് ഹറം പള്ളിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ പിന്നീട് വീണ്ടണ്ടും അകം പള്ളിയിലേക്ക് കയറാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ തീര്‍ഥാടകര്‍ ഇവിടെ തന്നെ കഴിച്ചുകൂട്ടി രാത്രി നിസ്‌കാരവും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. നിസ്‌കാരവേളയില്‍ വിശ്വാസികളുടെ നിര അകംപള്ളിയും മുറ്റവും കഴിഞ്ഞ് റോഡിലേക്കും ഇടവഴികളിലേക്കും നീണ്ടിരുന്നു. പുണ്യരാവില്‍ ഹറമില്‍ കഴിച്ചുകൂട്ടാന്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസിസമൂഹം ബുധനാഴ്ച രാവിലെ തന്നെ മക്കയിലും പരിസരങ്ങളിലും എത്തിച്ചേര്‍ന്നിരുന്നു. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന വിശുദ്ധരാവില്‍ നാട്ടിലും പള്ളികള്‍ തോറും പ്രത്യേക പ്രാര്‍ഥനാചടങ്ങുകള്‍ നടന്നു.
എല്ലാ നാടുകളിലും മണ്‍മറഞ്ഞ ഉറ്റവരുടെ ഖബറിടങ്ങളിലുള്ള സന്ദര്‍ശനവും അവരുടെ പരലോക മോക്ഷത്തിനായുള്ള പ്രാര്‍ഥനയും നടന്നു. പലയിടങ്ങളിലും രാവിലെ മുതല്‍ തന്നെ പള്ളികളില്‍ ആരംഭിച്ച ഇഅ്തികാഫ് ജല്‍സകളും പ്രത്യേക പരിപാടികളും അര്‍ധരാത്രിയും പിന്നിട്ട് പുലര്‍ച്ചവരെ തുടര്‍ന്നു. ചിലയിടത്ത് അത്താഴത്തിനുള്ള സൗകര്യങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ച് ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."