സര്‍വകക്ഷി യോഗം പരിഹാസ്യം; വെറുതേ സമയം കളഞ്ഞെന്ന് ബി.ജെ.പി
തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പരിഹാസ്യമായിരുന്നുവെന്നും വെറുതേ സമയം കളഞ്ഞെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. യോഗം ബഹിഷ്‌കരിച്ചതായും പി.സി ജോര്‍ജ് എം.എല്‍.എയും ബി.ജെ.പിക്കൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സഹായം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ് യോഗത്തില്‍ ചെയ്തത്. ഇത്തരത്തില്‍ സഹകരിക്കണമെന്നു പറയാനായിരുന്നെങ്കില്‍ എന്തിനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. സര്‍ക്കാരിന്റെ ഈ ഹീനമായ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ശ്രീധരന്‍പിള്ള സൂചിപ്പിച്ചു.
ഹിന്ദു സംഘടനകളെ ചര്‍ച്ചക്കു വിളിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. മുഖ്യമന്ത്രിയുടെ നിലപാടു ജനാധിപത്യ സംസ്‌കാരത്തിനു യോജിച്ചതല്ല. അഹങ്കാരത്തിന്റെ ഭാഷയിലാണു സംസാരിക്കുന്നത്. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കരുത്. സി.പി.എം ഇപ്പോള്‍ സുപ്രിംകോടതിയോടു കാണിക്കുന്ന പ്രേമം നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനാണ്.
കോടതി വിധിയുടെ അടിസ്ഥാനത്തിലല്ല, വിശ്വാസികളുടെ താല്‍പര്യത്തിനൊപ്പം നിന്നാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല കര്‍മസമിതിയുടെ തീരുമാനങ്ങളെ പിന്താങ്ങുന്ന സമീപനമാണ് ബി.ജെ.പിക്കുള്ളത്. നിയമവിധേയമായ പ്രതിഷേധങ്ങള്‍ ഇനിയുമുണ്ടാകും. അടുത്തഘട്ട സമരത്തെക്കുറിച്ച് ഇന്ന് എറണാകുളത്ത് എന്‍.ഡി.എ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."