സബ് ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്: പ്രതി സന്തോഷിനെ ചങ്ങരംകുളം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
ചങ്ങരംകുളം: പൊന്നാനി, ചങ്ങരംകുളം സബ്ട്രഷറികളില്‍ നിന്ന് നിക്ഷേപകരുടെ ചെക്ക് ഉപയോഗിച്ച് അക്കൗണ്ടില്‍ തിരിമറി നടത്തുകയും പണം അപഹരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി സന്തോഷിനെ തുടരന്വേഷണത്തിനായി ചങ്ങരംകുളം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. സന്തോഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊന്നാനി പൊലിസിന് പുറമെ ചങ്ങരംകുളം പൊലിസും നേരത്തെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെ പൊന്നാനി പൊലിസും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി പ്രതി തട്ടിപ്പ് നടത്തി വന്ന ചങ്ങരംകുളം സബ്ട്രഷറിയില്‍ എത്തി അന്വേഷണം നടത്തും. ഒളിവില്‍ കഴിഞ്ഞുവന്ന സന്തോഷിനെ കഴിഞ്ഞ ആഴ്ചയിലാണ് തമിഴ്നാട്ടിലെ തിരുവട്ടയില് നിന്നും പൊന്നാനി പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണ വിധേയരായി ധനകാര്യ വകുപ്പ് സര്‍വിസില്‍ നിന്ന് പിരിച്ച് വിട്ട ജീവനക്കാരെയും പൊലിസ് ചോദ്യം ചെയ്യുന്നുണ്ട് .
ട്രഷറിയില്‍ നിന്ന് ചങ്ങരംകുളം പൊലിസിന് ലഭിച്ച പരാതിയിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. താല്കാലിക ജീവനക്കാരനായി പൊന്നാനി ട്രഷറിയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് അംഗവൈകല്യം ചൂണ്ടിക്കാട്ടി വികലാംഗ ക്വാട്ടയില്‍ ട്രഷറിയില്‍ സ്ഥിര നിയമനം തേടുകയായിരുന്നു.സന്തോഷ് സമാനമായ മറ്റു തട്ടിപ്പുകളും നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം തുടരുന്നതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."