ജപ്പാന്‍ പുതിയ ചക്രവര്‍ത്തിയായി നെരൂഹിതോ അധികാരമേറ്റു
ടോക്യോ: ജപ്പാനിലെ പുതിയ ചക്രവര്‍ത്തിയായി നെരൂഹിതോ അധികാരമേറ്റു. പിതാവ് അകിഹിതോ ചക്രവര്‍ത്തിയുടെ വിയോഗാനന്തരം നെരൂഹിതോ മെയ് മുതല്‍ ഭരണം തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് പരമ്പരാഗത ചടങ്ങുകളോടെ ചക്രവര്‍ത്തിയായി അവരോധിതനായത്.
നെരൂഹിതോയുടെ പത്‌നി മസാകോ മറ്റൊരു സിംഹാസനത്തില്‍ ഉപവിഷ്ടയായി.
ടോക്യോയിലെ രാജകീയ കൊട്ടാരത്തില്‍ പരമ്പരാഗത സിംഹാസനാരോഹണ ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ആകാശത്ത് മഴവില്ല് പ്രത്യക്ഷപ്പെട്ടത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
ഹാഗിബിസ് ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ച 80 പേര്‍ക്ക് അനുശോചനമര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ബഹുമാനസൂചകമായി ആഘോഷ പരേഡ് മാറ്റിവച്ചു.
ചക്രവര്‍ത്തി നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അഭിനന്ദന പ്രഭാഷണം നടത്തി. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദുമടക്കം നൂറുകണക്കിന് വിദേശ പ്രതിനിധികള്‍ ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു.
അനന്തരം ചക്രവര്‍ത്തി വിദേശ പ്രതിനിധികള്‍ക്കായി ചായസല്‍ക്കാരം നടത്തി. വൈകീട്ട് ആബെയുടെ വകയായിരുന്നു ഔദ്യോഗിക വിരുന്ന്. 1990ല്‍ അകിഹിതോ ചക്രവര്‍ത്തി സിംഹാസനത്തിലേറിയപ്പോഴായിരുന്നു ഇതുപോലൊരു ചടങ്ങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."