എല്‍ദോ എബ്രഹാം അടക്കമുള്ള സി.പി.ഐ നേതാക്കള്‍ കീഴടങ്ങി
പൊലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് തള്ളി കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ള പത്ത് സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ നേതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെത്തിയാണ് നേതാക്കള്‍ കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത നേതാക്കളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്യണമെന്ന പൊലിസിന്റെ ആവശ്യം എറണാകുളം കോടതി തള്ളി. സി.പി.ഐ നേതാക്കള്‍ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണ് പൊലിസ് നടത്തിയത്.
നേതാക്കള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലിസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ മാര്‍ച്ച് നടത്തി. വടി, കട്ട, കല്ല് എന്നിവ ഉപയോഗിച്ച് പൊലിസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചത് വഴി 40,500 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി എന്നിവ അടക്കമുള്ള പരാമര്‍ശങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. റിമാന്‍ഡ് ചെയ്യണമെന്ന പൊലിസിന്റെ ആവശ്യം തള്ളിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജൂലൈ 23 നായിരുന്നു ഞാറയ്ക്കല്‍ സി.ഐയെ സസ്പന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഐ.ജി ഓഫിസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."