അക്ഷര വിളക്ക് അണഞ്ഞു: മലയോര മേഖലക്ക് തീരാനഷ്ടം
കാളികാവ്: മലയോരത്തെ അക്ഷര വെളിച്ചത്തിലേക്ക് നയിച്ച എ.പി ബാപ്പു ഹാജിയുടെ മരണം മലയോരത്തിന് തീരാനഷ്ടം. അടയ്ക്കാകുണ്ട് ഹൈസ്‌കൂള്‍ ആരംഭിച്ചാണ് മലയോരത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് ബാപ്പുഹാജി തുടക്കമിട്ടത്. ലാഭക്കൊതിയില്ലാതെ തുടങ്ങിയ വിദ്യാലയത്തില്‍ 3000 ത്തിലേറെ കുട്ടികളാണ് ഇപ്പോള്‍ പഠിക്കുന്നത്. മക്കളില്ലാത്ത ഹാജിക്ക് കുട്ടികളുടെ കലപില ശബ്ദം എന്നും ഇഷ്ടമായിരുന്നു.
കുടുംബ സ്വത്തായി കൈമാറിക്കിട്ടിയ സ്ഥലത്തിന്റെ ഭൂരിഭാഗവും വൈജ്ഞാനിക മേഖലയിലേക്കായി നല്‍കി. തറവാടിന്റെ മുറ്റം ഉള്‍പ്പെടെ 14 ഏക്കര്‍ സ്ഥലം മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച പഠനരീതി നടപ്പാക്കുന്ന വാഫി കോളജിന് നല്‍കി.
വാഫി കോളജുകളുടെ ആസ്ഥാന മന്ദിരമായി ബാപ്പുഹാജിയുടെ തറവാട്ടു വീടിന് മുന്നില്‍ പിജി വാഫി കാംപസ് എന്നവിദ്യാഗോപുരം തലപൊക്കിയിട്ടുണ്ട്. പൂമുഖത്തിരുന്നാലും കുട്ടികള്‍ പഠിക്കുന്നതും അവരുടെ ശബ്ദവും കേള്‍ക്കണമെന്ന കൊതിയോടെയാണ് 14 ഏക്കര്‍ സ്ഥലം വാഫി കലാലയത്തിന് നല്‍കിയത്.
ബാപ്പു ഹാജി നല്‍കിയ സ്ഥലത്താണ് അടയ്ക്കാകുണ്ട് ജുമാ മസ്ജിദ് നിലനില്‍ക്കുന്നത് നാളിതുവരെ പള്ളിയുടെ പരിപാലന ചുമതലയും ബാപ്പു ഹാജിക്കായിരുന്നു. പള്ളിയോട് ചേര്‍ന്ന മൂന്നേക്കര്‍ സ്ഥലത്ത് 'ഹിമ കെയര്‍' ബാപ്പു ഹാജിയുടെ മനസിന്റെ അലിവ് വിളിച്ചറിയിക്കുന്നതാണ്. ഉറ്റവരും ഉടയവരും ഉണ്ടായിട്ടും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരുരെ ആശ്രയമാണ് ഹിമ.
ഹിമ കെട്ടി ഉയര്‍ത്താന്‍ ഒരു കോടിയിലേറെ രൂപയാണ് ബാപ്പു ഹാജിയുടെ സമ്പാദ്യത്തില്‍ നിന്ന് ചെലവഴിച്ചത്. കാളികാവിന്റെ പരിസരങ്ങളില്‍ ഡസനിലേറെ പള്ളികള്‍ നിര്‍മിക്കുകയും മദ്‌റസകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അക്ഷര വിപ്ലവത്തില്‍ നിന്ന് തുടങ്ങി മലയോര നാടിന്റെ രക്ഷിതാവായി ത്തീര്‍ന്ന ബാപ്പു ഹാജിയുടെ മരണം മലയോരത്തിന്റെ അക്ഷരവെളിച്ചമാണ് അണയിച്ചത്.
ജീവിതവും സമ്പാദ്യവും സമുദായത്തിനു സമര്‍പ്പിച്ച സേവകന്‍
മലപ്പുറം: ജീവിതവും സമ്പാദ്യവും സമുദായത്തിനു സമര്‍പ്പിച്ച സേവകനായിരുന്നു ഇന്നലെ വിടപറഞ്ഞ ബാപ്പു ഹാജി. നാടിന്റെ വികസനത്തിനും സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിനും ജീവിതവും സമ്പാദ്യവും സമര്‍പ്പിക്കാന്‍ സൗഭാഗ്യം ലഭിച്ച ഇത്തരം ജീവിതങ്ങള്‍ അപൂര്‍വമായെ ഉണ്ടാകാറൊള്ളു.കാളികാവ് കേന്ദ്രമായി ജീവിതം തുടര്‍ന്ന ബാപ്പു ഹാജി തന്റെ സമ്പാദ്യം മുഴുവന്‍ സമസ്തക്കും വാഫി സ്ഥാപനങ്ങള്‍ക്കും വേണ്ടി സമര്‍പ്പിക്കുകയായിരുന്നു.
ജനസേവനം ജീവിത ചര്യയാക്കിയ ബാപ്പുഹാജി മുസ്‌ലിം സംഘടിത രാഷ്ട്രീയത്തിനൊപ്പം ആദ്യം മുതലേ സഹസഞ്ചാരം നടത്തിയ വ്യക്തിത്വമാണ്.ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കാന്‍ ഏതറ്റം വരെയും പോകാനുള്ള ഹാജിയുടെ ഇച്ഛാ ശക്തിയാണ് നാടിന്റെ മത സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായ ഒട്ടേറെ നിത്യ സ്മാരകങ്ങള്‍ക്ക് ശിലയിടാനും അതു പൂര്‍ത്തിയായി കണ്‍കുളിര്‍ക്കെ കാണാനും വഴിയൊരുക്കിയത് .
സമസ്തക്കൊപ്പം ഉറച്ചു നില്‍ക്കുകയും മഹാത്മാക്കളായ പണ്ഡിതരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും ചെയ്തതിന്റെ കൂടി ഫലമാണ് ഹാജിയുടെ ഈ സൗഭാഗ്യങ്ങളത്രയും.ഖാഇദെമില്ലത്ത്, ബാപ്പു കുരിക്കള്‍, ബാഫഖി തങ്ങള്‍, സി.എച്ച്, പൂക്കോയ തങ്ങള്‍, അലി ഹസന്‍ മുസ്‌ലിയാര്‍, കെ.ടി ഉസ്താദ്, മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ബാപ്പുഹാജി മുസ്‌ലിം മുഖ്യധാരയില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ജീവിതത്തിലൂടെ എപ്പോഴും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."