അധികമഴ ലഭിച്ചിട്ടും ജലശേഖരം കുറവ്
തൊടുപുഴ: സംസ്ഥാനത്ത് ഇക്കുറി അധിക മഴ ലഭിച്ചിട്ടും അണക്കെട്ടുകളിലെ ജലശേഖരം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 80.21 ശതമാനം വെള്ളം എല്ലാ സംഭരണികളിലുമായി ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി ഇത് 74.92 ശതമാനമാണ്.
3101.963 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇപ്പോള്‍ സംഭരണികളിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 3320.938 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്നലെ വരെ മാത്രം 42 ശതമാനം അധികമഴ ലഭിച്ചതായാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ (ഐ.എം.ഡി) കണക്ക്.
222.7 മി.മീ ആണ് ശരാശരിയെന്നിരിക്കെ ലഭിച്ചത് 315.5 മി.മീറ്ററും. എന്നാല്‍, ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്നലെവരെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിലും കുറവ് വെള്ളമാണ്. 451.432 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 442.039 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്.
11 ജില്ലകളില്‍ അധിക മഴ ലഭിച്ചപ്പോള്‍ ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴക്കുറവുള്ളതായി ഐ.എം.ഡിയുടെ കണക്ക് വ്യക്തമാക്കുന്നു. കാസര്‍കോട് 16ഉം ഇടുക്കിയിലും കണ്ണൂരിലും 4 ശതമാനം വീതവും മഴക്കുറവാണുള്ളത്.
സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷിയുടെ പകുതിയിലധികം നിലകൊള്ളുന്ന ഇടുക്കിയിലെ മഴക്കുറവാണ് ജലശേഖരത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവുവരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. തണുത്ത അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ ആഴ്ചകളായി പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം 70 ദശലക്ഷം യൂനിറ്റിലും താഴെയാണ്. അതിനാല്‍ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കുറച്ചുനിര്‍ത്തിയിരിക്കുകയാണ്. ഇതിനാലാണ് ജലശേഖരത്തില്‍ കാര്യമായ കുറവുവരാത്തത്. ഇടുക്കി പദ്ധതിയിലെ മൂന്ന് ജനറേറ്ററുകള്‍ ഷട്ട്ഡൗണിലുമാണ്.
ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2378.04 അടിയാണ്. സംഭരണശേഷിയുടെ 72 ശതമാനമാണിത്. 63.208 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
ഇതില്‍ 16.103 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനവും 47.105 ദശലക്ഷം യൂനിറ്റ് പുറമെനിന്ന് എത്തിച്ചതുമാണ്. പെരിങ്ങല്‍കുത്ത്, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."