കമ്പനി എം.ഡിയെ അറസ്റ്റ് ചെയ്യാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്; ശമ്പള കുടിശിക ലഭിച്ചു
തിരുവനന്തപുരം: ജീവനക്കാരിയുടെ ശമ്പളം അന്യായമായി തടഞ്ഞുവെച്ചുവെന്ന പരാതിയില്‍, നിഷേധാത്മക നിലപാട് സ്വീകരിച്ച കമ്പനി എം.ഡിയെ അറസ്റ്റ്‌ചെയ്യാന്‍ മനുഷ്യാവകാശകമ്മിഷന്‍ ഉത്തരവ്. അറസ്റ്റ് ഭയന്ന കമ്പനി എം.ഡി കുടിശിക തുക കമ്മിഷനില്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരം പാറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ നക്ഷത്ര പ്രോജക്റ്റ് ആന്റ് ഡവലപ്പേഴ്‌സ് എന്ന നിര്‍മാണ കമ്പനിയാണ് മെഡിക്കല്‍ കോളജ് സ്വദേശിനിയായ ജീവനക്കാരിയുടെ ശമ്പളം തടഞ്ഞുവെച്ചത്. കമ്പനിയില്‍ കസ്റ്റമര്‍ റിലേഷന്‍സ് മാനേജരായിരുന്ന പരാതിക്കാരി കമ്പനി ആന്ധ്രാസ്വദേശിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന കാലത്താണ് ജോലിക്ക് ചേര്‍ന്നത്.
പിന്നീട് കമ്പനിയുടെ ഉടമസ്ഥര്‍ മാറി. പുതിയ മാനേജ്‌മെന്റ് നിലവില്‍ വന്നതോടെ പഴയ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. കമ്പനിവക പെന്‍ഡ്രൈവ് പരാതിക്കാരിയുടെ കൈയിലാണെന്ന് പറഞ്ഞായിരുന്നു ശമ്പള കുടിശിക തടഞ്ഞത്. തുടര്‍ന്നാണ് യുവതി കമ്മിഷനെ സമീപിച്ചത്. കമ്മിഷന്‍ കമ്പനിയില്‍ നിന്നും വിശദീകരണം തേടി.
കുടിശിക നല്‍കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല കമ്പനി അധികൃതര്‍ കമ്മീഷന്‍ സിറ്റിങില്‍ ഹാജരായതുമില്ല. തുടര്‍ന്ന് കമ്പനി എം ഡി യെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കമ്മിഷന്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ഇതറിഞ്ഞാണ് കമ്പനി ശമ്പള കുടിശികയായ 10,500 രൂപയുടെ ചെക്ക് കമ്മീഷനില്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."