വിദഗ്ധ സംഘമെത്തി; പുതിയ പ്രതീക്ഷകളുമായി ഈരാറ്റിന്‍പുറം
മലയിന്‍കീഴ്: വിദഗ്ധസംഘമെത്തി സാധ്യതാപഠനം നടത്തിയതോടെ നെയ്യാര്‍ ഈരാറ്റിന്‍പുറം പുതിയ പ്രതീക്ഷയിലായി. തെക്കന്‍കേരളത്തിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം ഈരാറ്റിന്‍പുറത്തിനു ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
എം.എല്‍.എ ആന്‍സലന്റെ നേത്യത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ചത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഇവിടെയുണ്ടെന്നും, ഗതാഗത സൗകര്യവും എത്തുന്നവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും കൂടി ഒരുക്കിക്കഴിഞ്ഞാല്‍ ഈരാറ്റിന്‍പുറം സംസ്ഥാനത്തെ മറ്റേതൊരു ടൂറിസ്റ്റ് കേന്ദ്രത്തിനുമൊപ്പമെത്തുമെന്നും സംഘം അഭിപ്രായപ്പെട്ടു.
മാറനല്ലൂര്‍ പഞ്ചായത്തിനോട് അടുത്തു കിടക്കുന്ന പ്രദേശമാണ് ഈരാറ്റിന്‍പുറം. പുറംലോകം അറിഞ്ഞിട്ടില്ലാത്ത ഈരാറ്റിന്‍പുറത്തിനു വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പലരും നിരീക്ഷിച്ചിരുന്നു.ഈരാറ്റിന്‍പുറം ടൂറിസ്റ്റ് വില്ലേജ് എന്ന ആശയത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നെയ്യാര്‍, പുന്നാവൂര്‍ അരുവിക്കര പിന്നിടുമ്പോള്‍ രണ്ടായി പിരിഞ്ഞ് ഒരു കിലോമീറ്ററിനപ്പുറം വീണ്ടും ഒന്നായി ചേരുന്നതിനിടയിലെ തുരുത്താണ് ഈരാറ്റിന്‍പുറം. പാറക്കെട്ടുകള്‍ നിറഞ്ഞ നദിയുടെ ഇരുകരകളും വലിയ കുന്നുകളാണ്. ഇരുകരകളില്‍നിന്നും കുന്നിറങ്ങി വേണം നദിയിലെത്താന്‍.
പാറകളില്‍ തല്ലിയൊഴുകുന്ന പുഴയ്ക്കുള്ളില്‍ അവിടവിടെ നീര്‍ക്കുഴികളാണ്. വേനലില്‍ നീര്‍ക്കുഴികളിലെ തണുപ്പാസ്വദിച്ചു കുളിക്കാന്‍ ഇപ്പോഴും അകലെനിന്നു പോലും സഞ്ചാരികളെത്തുന്നുണ്ട്. ചുറ്റിലുമുള്ള വന്യഭംഗിയാണു സഞ്ചാരികളെ ആകര്‍ഷിക്കുന്ന വേറൊരു ഘടകം.
ഓരോ വേനലിലും ഇവിടെ നിരവധി പേര്‍ എത്താറുണ്ട്. ഗതാഗതപ്രശ്‌നവും അടിസ്ഥാന സൗകര്യമില്ലാത്തതുമാണ് നിലവില്‍ ഈരാറ്റിന്‍പുറം നേരിടുന്ന പ്രധാന പ്രശ്‌നം.
സാധ്യതാപഠനം പ്രായോഗിക നടപടികളിലേക്കു കടക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന പ്രതീക്ഷിയിലാണ് സഞ്ചാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."