കപ്പടിച്ച് ഇന്ത്യ
റാഞ്ചി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം ഉറപ്പിച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുടെ അവശേഷിച്ച രണ്ട് വിക്കറ്റ് വീഴ്ത്താന്‍ വേണ്ടി വന്നത് ആദ്യ സെഷനിലെ വെറും 12 പന്ത് മാത്രം.
അതു കൂടി വീണതോടെ മൂന്നാം ടെസ്റ്റില്‍ ഒരു ദിനം ബാക്കി നില്‍ക്കേ ഇന്നിങ്‌സിന്റെയും 202 റണ്‍സിന്റെയും ഹിമാലയന്‍ വിജയം താണ്ടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര തൂത്തുവാരി. ഒരു റണ്‍സ് മാത്രമാണ് ഈ രണ്ട് വിക്കറ്റിനിടയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമാക്കാനായത്. സ്‌കോര്‍: ഇന്ത്യ- ഒന്‍പതിന് 497. ദക്ഷിണാഫ്രിക്ക- 162, 133. എതിരാളിക്ക് ഒരു പഴുതും ബാക്കിവയ്ക്കാതെയായിരുന്നു ഇന്ത്യന്‍ വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ആദ്യ തൂത്തുവാരല്‍ കൂടിയാണിത്. ഇതോടെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തൂത്തുവാരുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് കോഹ്‌ലി അവകാശിയാവുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ ഇരട്ടസെഞ്ചുറി (212) നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം. ആദ്യ ടെസ്റ്റിലെ രണ്ട് സെഞ്ചുറിയുള്‍പ്പെടെ 529 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത് തന്നെയാണ് പരമ്പരയിലെ താരവും.
ഓപ്പണറായി ഇറങ്ങിയ ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെയാണ് ഈ അപൂര്‍വ നേട്ടം രോഹിതിനെ തേടിയെത്തിയത്. എട്ടിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവര്‍ മാത്രമേ അതിജീവിക്കാനായുള്ളൂ. മൂന്നാം ദിനം അവസാന സെഷനില്‍ ചെറുത്തു നില്‍പ്പുമായി മത്സരം നാലാം ദിവസത്തേക്കെത്തിച്ച ആന്റിച്ച് നോര്‍ദെയും തിന്യൂസ് ഡി ബ്രുയിനും പക്ഷേ നാലാം ദിനം തിളങ്ങാന്‍ കഴിഞ്ഞില്ല.
എല്‍ഗാര്‍ പരുക്കേറ്റ് പുറത്ത് പോയതോടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായിറങ്ങിയ ഡി ബ്രുയിന്‍ 30 റണ്‍സെടുത്തപ്പോള്‍ ലുങ്കി എന്‍ഗിഡി ഒരു റണ്‍സെടുത്ത് കൂടാരം കയറി. റാഞ്ചിക്കാരന്‍ ഷഹബാസ് നദീമായിരുന്നു രണ്ട് വിക്കറ്റിന്റെയും അവകാശി. ഡി ബ്രുയിനെ സാഹയുടെ കൈകളിലെത്തിച്ചപ്പോള്‍ നദീമിന്റെ പന്ത് നേരിട്ട എന്‍ഗിഡി താരത്തിന് പിടികൊടുത്തു മടങ്ങി. ഡി ബ്രുയിന്‍ തന്നെയാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. നോര്‍ദെ അഞ്ച് റണ്‍സോടെ പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി 10 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വീതവും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ രോഹിത് ശര്‍മയുടെ കന്നി ഡബിള്‍ (212) സെഞ്ചുറിയുടേയും രഹാനെയുടെ (115) സെഞ്ചുറിയുടേയും ജഡേജയുടെ അര്‍ധ സെഞ്ചുറിയുടേയും(51) മികവിലാണ് ഒന്‍പതിന് 497 റണ്‍സെടുത്ത് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.
കൂറ്റന്‍ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് ഇന്നിങ്‌സിലും തകര്‍ന്നതോടെയാണ് ഇന്ത്യ മികച്ച മാര്‍ജിനില്‍ ജയം പിടിച്ചെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 162 റണ്‍സില്‍ അവര്‍ കൂടാരം കയറിയതോടെ ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സിലിറങ്ങിയാണ് 133 റണ്‍സെടുത്ത് വീണ്ടും അടിയറവച്ചത്.
മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 62 റണ്‍സെടുത്ത സുബൈര്‍ ഹംസയാണ് അര്‍ധ സെഞ്ചുറി കുറിച്ച ഏക താരം.
തുടര്‍ച്ചയായ 11ാം ടെസ്റ്റ് പരമ്പര ജയം
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പര നേട്ടത്തോടെ നാട്ടില്‍ തുടര്‍ച്ചയായ 11ാമത്തെ ടെസ്റ്റ് പരമ്പരയെന്ന ലോക റെക്കോര്‍ഡും ഇന്ത്യ കൈപ്പിടിയിലൊതുക്കി. നാട്ടില്‍ അവസാനമായി കളിച്ച 33 ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ പരാജയം രുചിച്ചത്. 2017ല്‍ പൂനെയില്‍ നടന്ന ടെസ്റ്റില്‍ ആസ്‌ത്രേലിയക്കു മുന്നിലാണ് ഇന്ത്യക്കു പിഴച്ചത്. 2013 മുതല്‍ കളിച്ച 33 മത്സരങ്ങളില്‍ 26 എണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം. ആറെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ ഒന്നില്‍ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."