ഇന്ത്യയുടെ 'ആറാം കണ്ണ്' കര്‍ട്ടോസാറ്റ് രണ്ടുമായി പി.എസ്.എല്‍.വി- സി38 കുതിച്ചുയര്‍ന്നു
ബംഗളൂരു: സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആറാം കണ്ണെന്നു വിശേഷിപ്പിക്കുന്ന കര്‍ട്ടോസാറ്റ് രണ്ട് എന്ന ഉപഗ്രഹവുമായി പി.എസ്.എല്‍.വി- സി38 കുതിച്ചുയര്‍ന്നു. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് പി.എസ്.എല്‍.വി- സി38 വിക്ഷേപിച്ചത്. 23.18 മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാകും.
കര്‍ട്ടോസാറ്റ് രണ്ടിനെ കൂടാതെ വിദേശ രാജ്യങ്ങളുടേതടക്കം 30 ഉപഗ്രഹങ്ങള്‍ കൂടി പി.എസ്.എല്‍.വി വഹിക്കുന്നുണ്ട്. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നത്. ഭൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഭൗമനിരീക്ഷണത്തിനുള്ള കര്‍ട്ടോസാറ്റ് രണ്ട് വിക്ഷേപിക്കുക. ശത്രുരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങളെ കുറിച്ച വിവരങ്ങള്‍ പോലും ഒപ്പിയെടുക്കാന്‍ കേമനാണ് ഈ ഉപഗ്രഹമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 712 കിലോയാണ് ഇതിന്റെ ഭാരം. മറ്റ് 30 ഉഗ്രഹങ്ങള്‍ക്കുമായി 243 കിലോയും.
ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്‌വിയ, ലിത്വാനിയ, സ്ലോവാക്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരി ജില്ലയിലെ തക്കല നൂറുല്‍ ഇസ്ലാം യൂനിവേഴ്‌സിറ്റി നിര്‍മിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റുമാണ് ബാക്കിയുള്ള ഉപഗ്രഹങ്ങള്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഒറ്റവിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."