വിദ്യാഭ്യാസ പിന്നാക്കാവസ്ഥ: ജില്ലാ-ഉപജില്ലാ ഓഫിസുകള്‍ ശാസ്ത്രീയമായി വിഭജിക്കണം: കെ.എസ്.ടി.യു
കല്‍പ്പറ്റ: ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാക്തീകരണത്തിനും ജില്ലാ-ഉപജില്ലാ ഓഫിസുകള്‍ ശാസ്ത്രീയമായി വിഭജിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍(കെ.എസ്.ടി.യു) സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് ആവശ്യപ്പെട്ടു. വിദ്യാലയങ്ങളുടെ എണ്ണം, കുട്ടികളുടെ-അധ്യാപക-അനധ്യാപകരുടെ എണ്ണം, ഭൂമിശാസ്ത്രം, യാത്രാ സൗകര്യം, വിദ്യാലയങ്ങളുടെ വലുപ്പം-ചെറുപ്പം തുടങ്ങിയവയെല്ലാം പരിഗണിച്ച് ശാസ്ത്രീയ വിഭജനം അനിവാര്യമാണ്. വയനാട് ജില്ലാ വിദ്യഭ്യാസ ഓഫിസര്‍ക്ക് 94 സെക്കന്‍ഡറി സ്‌കൂളുകളുടെ മേല്‍നോട്ട ചുമതലയുണ്ട്. അതെ സമയം കുട്ടനാട് 33, കടുത്തുരുത്തി 41, ആലപ്പുഴ 43, മുവ്വാറ്റുപുഴ 45, പാല 48, കോതമംഗലം 45, ചേര്‍ത്തല 46 സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഓരോ ജില്ലാ വിദ്യാഭ്യാസ കാര്യാലയവും ഓഫിസറെയും അനുവദിച്ചിട്ടുണ്ട്. 50ല്‍ താഴെയാണ് ഇവിടങ്ങളിലെ ഹൈസ്‌കൂളുകളുടെ എണ്ണം. ജില്ലയിലെ 61 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ ചുമതലയുള്ള ഓഫിസര്‍ കോഴിക്കോട്ട് നിന്നും 10 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ ചുമതലയുള്ള ഓഫിസര്‍ വടകരയിലിരുന്നുമാണ് അക്കാദമിക പരിശോധനയടക്കം നിയന്ത്രിക്കുന്നത്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപക-അനധ്യാപകരുടെ സേവനങ്ങളുമായും നിയമനാംഗീകാരമുള്‍പ്പെടെയുള്ളതുമായ ഫയലുകള്‍ തീര്‍പ്പുണ്ടാക്കാന്‍ മാസങ്ങളെടുക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മൂന്ന് ഉപജില്ലാ ഓഫിസര്‍മാര്‍ക്ക് 222 എല്‍.പി, യു.പി.സ്‌കൂളുകളുടെ മേല്‍നോട്ട ചുമതലയുണ്ട്. കൂടാതെ 24 എം.ജി.എല്‍.സി സ്‌കൂളുകളുടെ അധിക ചുമതലയുമുണ്ട്. അതേ സമയം പാമ്പാടി 14, പന്തളം 26, മാങ്കൊമ്പ് 25, തലവടി 30, കല്ലൂര്‍കാട് 22, വെളിയനാട് 23, മുവ്വാറ്റുപുഴ 28, കൂത്താട്ടുകുളം 23, കൊഴുവനാല്‍ 24, എന്നിങ്ങനെയാണ് ഉപജില്ലാ ഓഫിസര്‍മാര്‍ക്ക് കീഴില്‍ വരുന്ന എല്‍.പി, യു.പി സ്‌കൂളുകളുടെ എണ്ണം. 30ല്‍ താഴെ സ്‌കൂളുകള്‍ക്ക് വരെ ഓരോ ഉപജില്ലാ കാര്യാലയവും ഓഫിസറെയും നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇതര ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ കീഴിലുള്ള സ്‌കൂളുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് വിഭജനത്തില്‍ വ്യക്തമായ അനീതിയും വിവേചനവുമാണ് ജില്ലയോട് കാണിച്ചത്. ഇത് പരിഹരിക്കണമെന്ന് മാറി മാറി വന്ന മുന്‍ സര്‍ക്കാറുകളോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും സ്‌കൂളുകളില്‍ നിരന്തര അക്കാദമിക പരിശോധനക്കും അധ്യാപക-അനധ്യാപകരുടെ സേവന കാര്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഗുണം ചെയ്യുമെന്നതിനാല്‍ വിഭജനം അനിവാര്യമാണെന്നും പി.പി മുഹമ്മദ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."