മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
മുംബൈ: കൃഷി ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച കര്‍ഷകരും പൊലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. പൊലിസിനു നേരെ കല്ലേറ് നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കി. പൊലിസിന്റെതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി.
മഹാരാഷ്ട്രയിലെ താനെയിലാണ് പ്രക്ഷോഭകരും പൊലിസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. തിരക്കേറിയ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലിസിന് കഴിയാത്ത സാഹചര്യമായിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചപ്പോള്‍ മാത്രമാണ് പ്രക്ഷോഭകര്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നാണ് പൊലിസിന്റെ ന്യായീകരണം.
ബ്രിട്ടീഷ് ഭരണകാലത്ത് വിമാനത്താവളം നിലനിന്നിരുന്ന സ്ഥലം ഇപ്പോള്‍ നാവിക സേനയുടെ കൈവശമാണ്. ഇവിടെ പുതിയ വിമാനത്താവളമുണ്ടാക്കുന്നതിനായി കര്‍ഷകരെ ഒഴിപ്പിക്കുന്നതാണ് പ്രക്ഷോഭത്തിനിടയാക്കിയത്.
എന്നാല്‍ വര്‍ഷങ്ങളായി ഈ സ്ഥലം കൈയേറി കൃഷി ചെയ്യുന്നവര്‍ ഇത് തങ്ങള്‍ക്ക് പതിച്ചു തരണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു. ഇവരുടെ ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല കുടിയൊഴിപ്പിക്കുന്നതിന് ശ്രമം തുടങ്ങിയതോടെയാണ് ജനങ്ങള്‍ പ്രക്ഷോഭം തുടങ്ങിയത്.
താനെയിലെ 10 കേന്ദ്രങ്ങളിലാണ് ഇന്നലെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് താനെ-ബദ്്‌ലാപൂര്‍ ദേശീയ പാതയിലായിരുന്നു. ഈ റോഡ് ഉപരോധിച്ചവരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
കൈയേറ്റം ഇല്ലാതിരിക്കാന്‍ നാവിക സേനാ അധികൃതര്‍ ഭൂമിക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നുണ്ടെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."