മദ്യലഹരിയില്‍ റിട്ട.പൊലിസുകാരന്‍ ഓടിച്ച കാറിടിച്ച് വയോധികനും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം
കഴക്കൂട്ടം: മദ്യലഹരിയില്‍ മുന്‍ പൊലിസുകാരന്‍ ഓടിച്ച കാറിടിച്ച് വയോധികനും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൊച്ചുമകള്‍ക്കും ദാരുണാന്ത്യം. സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്ക് നടന്ന് പോകും വഴിയാണ് അപകടം. വെട്ടുറോഡ് കാവോട്ട്മുക്കിനടുത്ത് റിട്ട. അധ്യാപകനായ പുളിവിളാകത്ത് വീട്ടില്‍ അബ്ദുല്‍സലാം (78), ഇദ്ദേഹത്തിന്റെ മകളുടെ മകള്‍ ആലിയ ഫാത്തിമ (11)എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ കാവോട്ട്മുക്കിനും മലമേല്‍പറമ്പിനും മിടയ്ക്കാണ് അപകടം.
വി.എസ്.എസ്.സിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന ആലിയയെ മലമേല്‍പറമ്പ് ജങ്ഷനില്‍നിന്ന് അബ്ദുല്‍ സലാം കൂട്ടിക്കൊണ്ട് വരുമ്പോഴാണ് കാവോട്ട് മുക്ക് ഭാഗത്ത്‌നിന്ന് അമിതവേഗതയില്‍ പാഞ്ഞുവന്ന ഇന്നോവ കാര്‍ രണ്ട് ബൈക്കിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ച ശേഷം ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്. തുടര്‍ന്ന് വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. അബ്ദുല്‍സലാം സംഭവസ്ഥലത്ത്‌വച്ച് മരിച്ചു. ആലിയയെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. മരണമടഞ്ഞ ആലിയയുടെ പിതാവ് സുധീര്‍ വി.എസ്.എസ്.സിയില്‍ സര്‍വിസിലിരിക്കെ മൂന്ന് വര്‍ഷം മുമ്പ് ട്രെയിനില്‍നിന്ന് വീണ് മരിച്ചിരുന്നു. ആലിയയുടെ മാതാവ് റാഷിദ വി.എസ്.എസ്.സി ഉദ്യോഗസ്ഥയാണ്. സഹോദരന്‍: ആതില്‍ (കിളിമാനൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥി). പരേതയായ സുബൈദ ബീവിയാണ് മരിച്ച അബ്ദുല്‍സലാമിന്റെ ഭാര്യ. സലീഹ മറ്റൊരു മകളാണ്. അപകടത്തെ തുടര്‍ന്ന് വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ മാഹിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ കാര്‍ തല്ലിത്തകര്‍ക്കുകയും മണിക്കൂറോളം സ്ഥലത്ത് പ്രതിഷേധവും സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുകയും ചെയ്തു.
= അപകടസമയത്ത് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞതായി പൊലിസ് പറഞ്ഞു. മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃദദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ടോടെ കണിപുരം പള്ളിനട മുസ്‌ലിം ജമാഅത്തില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."