റെയില്‍വേ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
കാസര്‍കോട്: ആയിരക്കണക്കിന് യാത്രക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തിലേക്ക് കടക്കുന്നതിനായി ഭിന്നശേഷിക്കാരും പ്രായമായവരും പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ഇവിടെ എസ്‌കലേറ്ററോ ലിഫ്‌റ്റോ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിങിനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് സ്വമേധയാ കേസെടുത്ത് ചെന്നൈ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരോടും പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരോടും (ഡി.ആര്‍.എം) റിപ്പോര്‍ട്ട് തേടിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മേല്‍പ്പാലം കടക്കുന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെയും ഭിന്നശേഷിക്കാരായ രണ്ടുപേര്‍ മേല്‍പ്പാലം കടക്കുവാന്‍ ബുദ്ധിമുട്ടുന്നതു നേരിട്ടു കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. മാത്രമല്ല റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തിന്റെ വീതിയും കുറവാണെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്തവര്‍ വളരെ പ്രയാസപ്പെട്ട് മേല്‍പ്പാലത്തിലൂടെ കടന്നു പോകുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും മറ്റ് പ്രധാന സ്‌റ്റേഷനുകളിലെപോലെ ഇവിടെയും എസ്‌കലേറ്ററോ ലിഫ്‌റ്റോ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും കമ്മീഷന്‍ വിലയിരുത്തി. മലബാര്‍ എക്‌സ്പ്രസ് സമയം പാലിക്കുന്നില്ലെന്ന പരാതിയില്‍ റെയില്‍വേ വിശദീകരണം നല്‍കി. ക്രമീകരണത്തിന്റെ ഭാഗമായാണു വൈകിയോടിരുന്നതെന്നു വിശദീകരണത്തില്‍ പറയുന്നു. ചെമ്മനാട് ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളെ പൊലിസ് മര്‍ദിച്ചുവെന്നും ഓഡിറ്റോറിയം നശിപ്പിച്ചുവെന്നുമുള്ള രണ്ടു പരാതികളില്‍ ജില്ലാ പൊലിസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. ഇക്കാര്യത്തില്‍ കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്റെ വിശദീകരണവും ആവശ്യപ്പെട്ടു. വികലാംഗ പെന്‍ഷന്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്ന ദമ്പതികളുടെ പരാതിയില്‍ നീലേശ്വരത്തെ സര്‍വിസ് സഹകരണ ബാങ്കിനോട് വിശദീകരണവും കമ്മീഷന്‍ തേടിയിട്ടുണ്ട്. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഗവ. ഗസ്റ്റ് ഹൗസില്‍ കമ്മീഷന്‍ നടത്തിയ സിറ്റിങില്‍ പുതിയതായി ലഭിച്ചത് ഉള്‍പ്പെടെ 64 പരാതികള്‍ പരിഗണിച്ചു. 18 കേസുകള്‍ തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."