മഹാരാഷ്ട്ര പാഠപുസ്തകങ്ങളില്‍ തെറ്റുകള്‍
മുംബൈ: ബംഗാളിലും അസമിലും ലഭിക്കുന്നതിനേക്കാള്‍ മഴ ലഭിക്കുന്നത് രാജസ്ഥാനിലാണോ? വന്‍കരകളില്‍ ഏറ്റവും വലുത് അന്റാര്ട്ടിക്കയാണോ? എന്നാല്‍ ഇപ്പറഞ്ഞതെല്ലാം ശരിയെന്നാണ് മഹാരാഷ്ട്രയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളില്‍ പറയുന്നത്. തെറ്റായ വിവരങ്ങള്‍ പുസ്തകങ്ങളില്‍ അച്ചടിച്ച് കുട്ടികള്‍ക്ക് നല്കിയാല് അത് അവരെ വഴിതെറ്റിക്കുന്നതിലേക്ക് എത്തിക്കുമെന്ന ആരോപണവുമായി അധ്യാപകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതെല്ലാം ചെറിയ തോതിലുള്ള തെറ്റായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകരുടെ പക്ഷം. ഏഴ്, ഒന്‍പത് ക്ലാസുകളിലെ ഭൂമിശാസ്ത്ര പുസ്തകത്തിലാണ് തെറ്റ് കടന്നു കൂടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സോഷ്യോളജി പുസ്തകത്തിലായിരുന്നു വ്യാപകമായ തെറ്റുകള്‍ കണ്ടെത്തിയിരുന്നത്. പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യമില്ലാത്തതുകൊണ്ടാണ് വിവാഹത്തിന് സ്ത്രീധനം വാങ്ങിക്കുന്നതെന്ന വിവാദ പരാമര്‍ശമായിരുന്നു കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഇളക്കി മറിച്ചിരുന്നത്. ഇന്ത്യയുടെ മാപ്പില്‍ നിന്ന് അരുണാചല്‍ പ്രദേശിനെ ഒഴിവാക്കിയതും കഴിഞ്ഞവര്‍ഷം വിവാദത്തിന് ഇടയാക്കിയിരുന്നു. ഇത്തരം തെറ്റുകള്‍ വരുത്തിയ അധ്യാപകരെ സസ്പെന്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അന്വേഷണം നടത്താതെ തിരിച്ചെടുത്തതും വലിയ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."