മഞ്ചേശ്വരത്തെ 'ഹിന്ദു ടൂര്‍ണമെന്റ്' എരിതീയില്‍ എണ്ണയൊഴിക്കാന്‍: സി.പി.എം
കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കളെ മാത്രം പങ്കെടുപ്പിച്ചുള്ള ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനകളുടെ ശ്രമം എരിതീയില്‍ എണ്ണയൊഴിക്കാനാണെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംഘ്പരിവാര്‍ സംഘടനകള്‍ പലവിധ ശ്രമങ്ങളിലൂടെ വളര്‍ത്തിയെടുത്ത വര്‍ഗീയ ചേരിതിരിവ് കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ ഉമിത്തീ പോലെ നിലനില്‍ക്കുന്നുണ്ട്. ഇത് ആളിക്കത്തിക്കാനുള്ള ആപല്‍ക്കരമായ നീക്കമാണ് ഹിന്ദു ടൂര്‍ണമെന്റുകളിലൂടെ ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ലക്ഷ്യമിടുന്നത്. ഈ നീക്കങ്ങളില്‍ അകപ്പെടാതെ ജനങ്ങള്‍ കരുതിയിരിക്കണം. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നീക്കങ്ങള്‍. ഇതെല്ലാം ബി.ജെ.പി ജനങ്ങളോട് വിശദീകരിക്കണമെന്നും സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, സംസ്ഥാന സമിതിയംഗം കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആര്‍ ജയാനന്ദ സംബന്ധിച്ചു.
ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം: ലീഗ്
കാസര്‍കോട്: ഹിന്ദുമതവിഭാഗത്തില്‍പ്പെട്ടവരേ മാത്രം പങ്കെടുപ്പിച്ചുള്ള ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനകളുടെ ശ്രമം വര്‍ഗീയധ്രൂവീകരണം ലക്ഷ്യമിട്ടാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആപല്‍ക്കരമായ നീക്കമാണിത്. കടുത്ത വര്‍ഗീയത ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘ്പരിവാര്‍ ശക്തികളും ബി.ജെ.പിയും ഏതറ്റം വരേയും പോകുമെന്നതിന്റെ തെളിവാണ് മഞ്ചേശ്വരത്തെ ഹിന്ദു ടൂര്‍ണമെന്റുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സപ്തഭാഷാസംഗമ ഭൂമിയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരേ ജനം വലിയ പ്രതിരോധം തന്നെ ഉയര്‍ത്തികൊണ്ടുവരണമെന്നും ഖമറുദ്ധീന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."