അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സാമ്പത്തിക നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അഭിജിത്തിന്റെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മാനുഷിക വിഭവ ശേഷി ശക്തിപ്പെടുത്തുന്നതിലുള്ള അദ്ദേഹത്തിന്റെ താല്പര്യം വ്യക്തമാണെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദപ്രസ്താവനകള്‍ പറഞ്ഞ് കുഴപ്പത്തിലാകരുതെന്ന് പ്രധാനമന്ത്രി 'മുന്നറിയിപ്പ് 'നല്‍കിയിരുന്നെന്നും അഭിജിത് പറഞ്ഞു.
നല്ലതും സൗഹാര്‍ദപരവുമായ കൂടിക്കാഴ്ചയായിരുന്നു. എങ്ങനെയാണ് മാധ്യമങ്ങള്‍ എന്നെക്കൊണ്ട് മോദി വിരുദ്ധ പ്രസ്താവനകള്‍ പറയിപ്പിച്ച് കുരുക്കിലാക്കാന്‍ ശ്രമിക്കുന്നത് എന്നതിന് ഒരു തമാശ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംഭാഷണം ആരംഭിച്ചത്.
അദ്ദേഹം ടി.വി കാണാറുണ്ട്. അദ്ദേഹം നിങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട് സുഹൃത്തുക്കളെ ബാനര്‍ജി പറഞ്ഞു. മാനവ വിഭവശേഷി സൂചികയില്‍ ഇന്ത്യ പിന്നിലായി പോയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കാന് അഭിജിത് തയാറായില്ല.
മാനവ വിഭവ ശേഷി സൂചികയ്ക്ക് ഞാന്‍ സംഭാവനകളൊന്നും നല്‍കിയിട്ടില്ല. ഞാന്‍ ഇല്ലാതെ തന്നെ അത് നന്നായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒന്നിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."