ചിദംബരത്തിന്റെ ജാമ്യം
മറ്റാരെങ്കിലും രാജ്യം വിട്ടെന്ന് കരുതി ചിദംബരത്തെ ജയിലിലിടാനാവില്ല
സാക്ഷികളെ സ്വാധീനിക്കുമെന്നതിന് തെളിവില്ല
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന സി.ബി.ഐയുടെ വാദം സുപ്രിംകോടതി തള്ളി. കോടതിയില്‍ സി.ബി.ഐ നല്‍കിയ ആറു റിമാന്‍ഡ് റിപ്പോര്‍ട്ടിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെല്ലാം രാജ്യം വിടുന്നത് പതിവാണെന്ന അറ്റോര്‍ണി ജനറലിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം കേസുകളില്‍പ്പെട്ട ചിലര്‍ രാജ്യം വിട്ടുവെന്ന കാരണത്താല്‍ മറ്റൊരാളുടെ ജാമ്യം നിഷേധിക്കാന്‍ കഴിയില്ല. ഒരാള്‍ രാജ്യം വിട്ടതിന് മറ്റൊരാളെ ശിക്ഷിക്കാന്‍ സാധ്യമല്ല. ഈ കേസില്‍ ചിദംബരത്തിന് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചപ്പോള്‍ തന്നെ കുറ്റാരോപിതന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തതാണ്. നിയമനടപടികളോട് വഴങ്ങാത്ത ആളാണ് ചിദംബരമെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി നീരീക്ഷിച്ചു.
ഈ കേസില്‍ ഇതുവരെ ചിദംബരം സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടില്ല. അതിനായി ഫോണിലൂടെയോ ഇ-മെയിലൂടെയോ എസ്.എം.എസിലൂടെയോ സാക്ഷികളുമായി ആശവിനിമയം നടത്താന്‍ ശ്രമിച്ചിട്ടില്ല. ഇതൊന്നുമില്ലാതെ സാക്ഷികളെ സ്വാധീനിക്കുമെന്ന ആരോപണം ഉയര്‍ത്താന്‍ കഴിയില്ല.
ഭാവിയില്‍ കുറ്റാരോപിതന്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നിഷേധിക്കാന്‍ ആവില്ല. രണ്ടു മാസമായി ചിദംബരം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണുള്ളത്. അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്.
കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ മെറിറ്റിനേക്കാള്‍ ആരോപണങ്ങളിലേക്ക് നോക്കിയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്നും ജാമ്യം അനുവദിക്കുന്നതിന്റെയും നിഷേധിക്കുന്നതിന്റെയും തത്വങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ മുന്‍വിധിയോടെയുള്ള സമീപനം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."