എസ്.എസ്.എല്‍.സിക്കു മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥി കഞ്ചാവിന് അടിമ; വില്‍പനക്കാരന്‍ പിടിയില്‍
കരുനാഗപ്പള്ളി: പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിയെ കഞ്ചാവിന് അടിമയായ നിലയില്‍ എക്‌സൈസ് സംഘം കണ്ടെത്തി.
കരുനാഗപ്പള്ളി ഗവ.ബോയിസ് സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പത്താംക്ലാസ് കഴിഞ്ഞിറങ്ങിയ കുട്ടിയാണ് കഞ്ചാവിന് അടിമയായത്. മറ്റുപല വിദ്യാര്‍ഥികളും ഇത്തരത്തിലുണ്ടെന്ന് പിടിയിലായ വിദ്യാര്‍ഥി വെളിപ്പെടുത്തി.
തുടര്‍ന്ന് എക്‌സൈസ് സംഘം ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നയാളെ പിടികൂടി. ശൂരനാട് സ്വദേശി മെഡിസുനി എന്നറിയപ്പെടുന്ന സുനില്‍കുമാറാ(50)ണ് പിടിയിലായത്. ഇയാള്‍ പത്തനംതിട്ട ജില്ലയില്‍ പത്തു വര്‍ഷത്തോളം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്നു.
സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും തുടര്‍ന്ന് ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തു. ഇതിനുശേഷം കഞ്ചാവ് വില്‍പ്പനയിലേക്കു തിരിയുകയായിരുന്നു. ഇയാളില്‍ നിന്നും നൂറ്റമ്പതുപൊതി കഞ്ചാവ് പിടിച്ചെടുത്തു.തൊടിയൂര്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ഥിയെ പിന്നീട് രക്ഷിതാക്കളെ വിളിച്ചു വരുത്തി ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിക്കുന്നതിനായി വിട്ടയച്ചു.കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി. ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍ പിള്ള, പ്രിവന്റീവ് ഓഫീസര്‍ കെ.ദാസ്, സിവില്‍ ഓഫീസര്‍മാരായ ശ്യാം, സജീവ്, ശ്രീകുമാര്‍, രാജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സമ്മേളനവും അവാര്‍ഡ് ദാനവും
കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ സമ്മേളനവും അവാര്‍ഡ് ദാനവും ഇന്ന് വൈകിട്ട് മൂന്നിന് ടൗണ്‍ എല്‍.പി.എസില്‍ നടക്കും. ഉദ്ഘാടനവും അവാര്‍ഡ് ദാനവും മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും.
ദേശീയ പുരസ്‌ക്കാര ജേതാക്കളേയും വിശിഷ്ട വ്യക്തികളേയും കെ.സി വേണുഗോപാല്‍ എം.പി ആദരിക്കും. സുഗുണാനന്ദനാഥ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനം ആര്‍ രാമചന്ദ്രന്‍ എം.എല്‍.എയും പോച്ചയില്‍ ഹാമിദ്കുഞ്ഞ് സ്മാരക ചികിത്സാ ധനസഹായവിതരണം എന്‍ വിജയന്‍പിള്ള എം.എല്‍.എയും നിര്‍വ്വഹിക്കും. ഉപഭോക്തൃ സംരക്ഷണ നിയമ ലഘുലേഖാ വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന നിര്‍വ്വഹിക്കും. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി രാജന്‍ മുഖ്യപ്രഭാഷണം നടത്തും. കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എം മൈതീന്‍കുഞ്ഞ് അധ്യക്ഷത വഹിക്കും.
കണ്‍സ്യൂമര്‍ ആക്ടിവിസ്റ്റിനുള്ള അവാര്‍ഡിന് തൃശൂര്‍ സ്വദേശി ആര്‍ വിജയരാജനും കണ്‍സ്യൂമര്‍ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡിന് നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞും കണ്‍സ്യൂമര്‍ എക്‌സലന്‍സ് അവാര്‍ഡിന് മുനമ്പത്ത് ഷിഹാബും കണ്‍സ്യൂമര്‍ സ്‌പെഷ്യല്‍ അവാര്‍ഡിന് പത്തനംതിട്ട ജില്ലയിലെ എന്‍.ഭാസക്കരന്‍നായരുമാണ് അര്‍ഹരായത്.
കണ്‍സ്യൂമര്‍ കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായ കെ.ജദഗമ്മ ടീച്ചര്‍, നാഷണല്‍ പ്ലാന്റ് വിനോം സേവിയര്‍ ഫാര്‍മേഴ്‌സ് അവാര്‍ഡ് ജേതാവ് കാക്കാന്റയ്യത്ത് നരേന്ദ്രന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അവാര്‍ഡ് ജേതാവ് തെക്കടത്ത് ഷാഹുല്‍ ഹമീദ് വൈദ്യര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ എ.എ ഷാഫി, കുന്നേല്‍ രാജേന്ദ്രന്‍, ഷാജഹാന്‍ പണിക്കത്ത്, കെ ശശിധരന്‍പിള്ള എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."