സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലുമായി സാക്ഷരതാ മിഷന്റെ ഭരണഘടനാ സാക്ഷരതായജ്ഞം
തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച് ജനങ്ങളില്‍ അടിസ്ഥാന അവബോധം സൃഷ്ടിക്കുന്നതിനായി സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഭരണഘടനാ സാക്ഷരതാ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണനിര്‍മാണ സഭ സാധൂകരണം നല്‍കിയ നവംബര്‍ 26 മുതല്‍ ഭരണഘടന നിലവില്‍വന്ന ജനുവരി 26 വരെ രണ്ടുമാസം നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. ജനകീയ പങ്കാളിത്തതോടെ സംസ്ഥാനത്ത് വിപുലമായി സംഘടിപ്പിക്കുന്ന യജ്ഞത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ഭരണഘടനയെക്കുറിച്ചുളള അടിസ്ഥാന ആശയങ്ങള്‍ എത്തിക്കുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുമ്പോഴും ജാതീയമായ വിവേചനങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മതതീവ്രവാദ ചിന്തകളും സമൂഹത്തില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു സാമൂഹ്യസാക്ഷരതാ പരിപാടി സംഘടിപ്പിക്കുന്നത്. 26ന് തിരുവനന്തപുരത്താണ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം.
സാക്ഷരതാമിഷന്റെ 70000ത്തോളംവരുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കും. ഇവരുടെ പഠനാനുബന്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിത്. ഒരു പഠിതാവ് തന്റെ വീടിനു സമീപമുള്ള പതിനഞ്ചു വീടുകളില്‍ ഒരാള്‍ എന്ന ക്രമത്തില്‍ ക്ലാസ് നല്‍കും. അധ്യാപകരായും സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാരായും അയ്യായിരത്തോളം പേര്‍ സാക്ഷരതാമിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി ഭരണഘടനാ സാക്ഷരതയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക കൂട്ടായ്മകള്‍ വാര്‍ഡുകളില്‍ സംഘടിപ്പിക്കും. ഇതിനായി നിലവില്‍ തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാക്ഷരതാസമിതികളുടെ സേവനം ലഭ്യമാക്കും.
സാക്ഷരതാമിഷന്റെ 2000 തുടര്‍വിദ്യാകേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി വാര്‍ഡ്തലത്തില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് ഭരണഘടനാ സാക്ഷരതാ പരിപാടി ശക്തമാക്കാനും ലക്ഷ്യമിടുന്നു. 2000 പ്രേരക്മാരുടെ നേതൃത്വത്തിലാണ് ഇത്രയും തുടര്‍വിദ്യാകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നത്. നിയമവിദ്യാര്‍ഥികള്‍, സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍, സ്‌കൂളിലും കോളജുകളിലും സര്‍വകലാശാലകളിലും നിയമവും സാമൂഹ്യശാസ്ത്രവും കൈകാര്യം ചെയ്യുന്ന അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ സന്നദ്ധസേവനം പ്രാദേശിക തലത്തില്‍ വിനിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."