സുരക്ഷ ഉറപ്പുവരുത്തി മാത്രം ഇനി വീടിന് അനുമതി: ജില്ലാ കലക്ടടര്‍
തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ വീടു നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ആ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഇനി അനുമതി നല്‍കുകയുള്ളുവെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമ. ഇത് അവരെ ബോധ്യപ്പെടുത്തും മറ്റ് വാസയോഗ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവരെ അവിടേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും കലക്ടര്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ അവലോകനയോഗത്തില്‍ വ്യക്തമാക്കി.
ഉരുല്‍പ്പൊട്ടലില്‍ 19 പേര്‍ മരിയ്ക്കാനിടയായ കുറാഞ്ചേരി, പുത്തൂര്‍, നടത്തറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയ പശ്ചാത്തലത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് റവന്യു ഭൂമി നല്‍കുന്നതോടൊപ്പം പഞ്ചായത്തുഭൂമിയും അനുവദിച്ചു നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ മേഖലയിലെ മണ്ണ് നീക്കാന്‍ ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണ് നീക്കാന്‍ പഞ്ചായത്തുകള്‍ക്ക് വരുന്ന അപേക്ഷകള്‍ നിരസിക്കരുത്.
അത് ജിയോളജി വകുപ്പിന് കൈമാറണം. പുതിയ വീടുകളുടെ നിര്‍മാണത്തില്‍ ശാസ്ത്രീയത ഉണ്ടോയെന്ന് പരിശോധിക്കണം. പുതിയ സ്ഥലത്ത് വീടുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍, എ.ഇമാര്‍ ചര്‍ച്ച നടത്തണം. കുന്നിന് മുകളില്‍ മഴക്കുഴി നിര്‍മിക്കരുതെന്നും കലക്ടര്‍ വ്യക്തമാക്കി.
ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ പ്രദേശങ്ങളിലെ ആളുകള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കണം. പുതിയ വീടു വെയ്ക്കുന്നിടത്ത് ഡ്രൈനേജ് സംവിധാനത്തിനുള്ള പ്രത്യേക സൗകര്യം ഒരുക്കണം. ഇത്തരം മേഖലയില്‍ ചെറിയ പ്രകൃതി നീര്‍ച്ചോലകള്‍ പോലും നശിപ്പിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വാസയോഗ്യമല്ലാത്ത ഇടങ്ങളില്‍ വീടിന് അനുമതി നല്‍കരുത്.അതിരപ്പിള്ളി ആനക്കയം മലയോരമേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് ആളുകള്‍ക്ക് സ്ഥലം അനുവദിക്കേണ്ടതിനായി ഇനിയും പരിശോധന വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നഷ്ടം കണക്കാക്കി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പുത്തൂര്‍, നടത്തറ പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നതായി സീനിയര്‍ ജിയോളജിസ്റ്റ് എം. രാഘവന്‍ അറിയിച്ചു. മലയോര മേഖലയില്‍ വാസയോഗ്യമായ സ്ഥലത്ത് വീടുവെയ്ക്കാനുള്ള ഭാഗങ്ങളില്‍ നിന്ന് മാത്രം മണ്ണെടുത്താല്‍ മതി. മണ്ണിടിച്ചില്‍ തടയുന്നതുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നതിന്റെ അളവ് എന്‍ജിനീയര്‍മാര്‍ പരിശോധിക്കണം.
വീടുകള്‍ക്കു പിറകിലുള്ള കുന്നുകള്‍ കുത്തനെ ഇടിയ്ക്കരുത്. വനത്തിനുള്ളില്‍ നിന്നും മണ്ണെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വര്‍ണ വിസ്മയം തീര്‍ത്ത് ബി.എഡ് വിദ്യാര്‍ഥിനികള്‍
എരുമപ്പെട്ടി: സ്‌കൂള്‍ മതിലില്‍ വിരിഞ്ഞ വര്‍ണ ചിത്രങ്ങള്‍ വിദ്യാര്‍ഥികളില്‍ കൗതുകമുണര്‍ത്തു.അധ്യാപക പരിശീലനത്തിനെത്തിയ അന്‍സാര്‍ ട്രെയിനിങ് കോളജിലെ ബി.എഡ് വിദ്യാര്‍ഥികളാണ് എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മതിലില്‍ വര്‍ണ വിസ്മയം തീര്‍ത്തത്.
നാല് മാസത്തെ അധ്യാപക പരിശീലനത്തിനായ് എത്തിയ എട്ട് പേരടങ്ങുന്ന സംഘമാണ് സ്‌കൂള്‍ മതിലില്‍ ചിത്രരചന നടത്തിയത്. പരിശീലനം കഴിഞ്ഞിറങ്ങുമ്പോള്‍ തങ്ങളുടേയതായ കൈയൊപ്പ് സ്‌കൂളില്‍ ഉണ്ടായിരിക്കണമെന്നും അത് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകണമെന്നുമുള്ള ചിന്തയാണ് ചിത്ര രചനയ്ക്ക് വഴിയൊരുക്കിയത്.
ഒഴിവു പിരീയഡുകളിലും ഇടവേളകളിലുമാണ് ചിത്രം വരയ്ക്കുന്നതിനായി ഇവര്‍ സമയം കണ്ടെത്തിയത്. ചിലവ് കുറഞ്ഞ രീതിയില്‍ ഡിസ്റ്റമ്പറും സ്റ്റെയ്‌നറും ചേര്‍ത്ത മിശ്രിതവും, ഫാബ്രിക് പെയിന്റുമാണ് വരയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.ആര്‍ടിസ്റ്റ് ജിന്റു ജോജുവാണ് ചിത്രരചനയ്ക്ക് നേതൃത്വം നല്‍കിയത്.രേഷ്മ,സിയ, മില്‍ന, ആതിര,ഷൈമ, അശ്വതി, ജിന്‍ഷ പങ്കാളികളായി സ്‌കൂള്‍ പ്രധാന അധ്യാപിക എ.എസ് പ്രേംസി ചിത്രരചനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാര്‍ഥികളെ ചിത്രകലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി കുട്ടികളുടെ ചിത്രരചനകള്‍, ആര്‍ട്‌സ്, ക്രാഫ്റ്റ് എന്നിവയുടെ പ്രദര്‍ശനം, ലൈവ് പെയിന്റിങ് സെഷന്‍ എന്നിവ ഉള്‍പ്പെടുത്തി എക്‌സിബിഷന്‍ സംഘടിപ്പിക്കാനും ട്രൈനിങ് അധ്യാപകര്‍ തീരുമാനിച്ചിട്ടുണ്ട്.
ഔഷധവനം മഞ്ഞള്‍ കൃഷി വിളവെടുപ്പ്
പുതുക്കാട്: 'ഔഷധവനം' പദ്ധതി പ്രകാരം പുതുക്കാട് മണ്ഡലത്തിലെ മൂന്നുമുറിയിലുള്ള മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം നടപ്പിലാക്കിയ മഞ്ഞള്‍ കൃഷി വിളവെടുപ്പിന് സംഘം തയാറെടുക്കുന്നു.
കുടുംബശ്രീ കര്‍ഷകരിലൂടെയും സ്വകാര്യ കര്‍ഷകരിലൂടെയുമായി ജില്ലയില്‍ 20 ഏക്കറോളം ഭൂമിയിലാണ് സംഘം കൃഷി ഇറക്കിയിട്ടുള്ളത്. ജില്ലയിലെ 10 ബ്ലോക്ക് പഞ്ചായത്ത് പരിധികളിലായി 40 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ 234 കര്‍ഷകരാണ് ഇത്തവണത്തെ മഞ്ഞള്‍ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വിവിധ ആയുര്‍വേദ മരുന്നുല്‍പാദന കമ്പനികളുമായി 'ഉല്‍പ്പന്നം തിരികെ വാങ്ങല്‍' കരാര്‍ ഉണ്ടാക്കിയതിന് ശേഷമാണ് ലേബര്‍ സഹകരണ സംഘം ഔഷധ വനം പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
ആറ് ശതമാനം കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തിയിട്ടുള്ള 'പ്രതിഭ' ഇനം മഞ്ഞള്‍ വിത്തുകളാണ് മഞ്ഞള്‍ കൃഷി ചെയ്യുവാന്‍ സംഘം കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്.
കോഴിക്കോടുള്ള സുഗന്ധ വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് 'പ്രതിഭ' മഞ്ഞള്‍.അന്താരാഷ്ട്ര നിലവാരമുള്ള ഈ ഇനം മഞ്ഞളിന്റെ വിത്ത് ഉപയോഗിച്ച് 2017 മെയ് മാസത്തില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് സംഘം മഞ്ഞള്‍ കൃഷി നടത്തിയിരുന്നു. 2018 ജനുവരി മാസത്തില്‍ വിളവെടുപ്പും നടത്തി. മഞ്ഞള്‍ വനം പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ വിത്തുല്‍പ്പാദനം ആയിരുന്നു ഇതിലൂടെ സംഘം ലക്ഷ്യമിട്ടത്.
മൂന്ന് ഏക്കര്‍ കൃഷിയില്‍ നിന്നും സംഘത്തിന് ലഭിച്ച മഞ്ഞള്‍ വിളവില്‍ 6.9 ശതമാനം ആയിരുന്നു കുര്‍കുമിന്റെ അളവ്. എട്ട് മാസമാണ് മഞ്ഞളിന്റെ വിളവെടുപ്പ് കാലാവധി. തികച്ചും ജൈവ കൃഷി രീതിയിലാണ് സംഘം കൃഷിയിറക്കുന്നത്. മിക്കവാറും ഇടവിള കൃഷിയായിട്ടാണ് കര്‍ഷകര്‍ മഞ്ഞള്‍ കൃഷി ചെയ്തിട്ടുള്ളത്. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ നടത്താന്‍ ഉദ്ദേശിക്കുന്ന 20 ഏക്കര്‍ മഞ്ഞള്‍ കൃഷി വിളവെടുപ്പിന് ശേഷം മഞ്ഞള്‍ വനം പദ്ധതി ജില്ലാ മുഴുവന്‍ വ്യാപിപ്പിക്കാനാണ് ലേബര്‍ സഹകരണ സംഘം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."