സി.പി.എം - ബി.ജെ.പി സംഘര്‍ഷം: ജനജീവിതം താളം തെറ്റുന്നു
വൈക്കം: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് മറവന്തുരുത്ത് പഞ്ചായത്തിലെ സമാധാനം താളം തെറ്റിക്കുന്നു. ചെമ്മനാകരി, കൊടൂപ്പാടം മേഖലയില്‍ രാത്രികാലങ്ങളില്‍ വീടുകള്‍ക്കു നേരെ കല്ലേറ് നടത്തുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണ് കല്ലേറുണ്ടായത്. മൂന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ബൈക്കില്‍ എത്തിയാണ് കല്ലെറിയുന്നത്. സി.പി.എം പ്രവര്‍ത്തകരായ ഷംസുദ്ദീന്, ഷാജി, സാബു, രമേശന്, ശശി എന്നിവരുടെ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായതായി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എല്ലായിടത്തും വീടിന്റെ ജനാലചില്ലുകളാണ് എറിഞ്ഞു തകര്‍ത്തിരിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പഴി ചാരുകയും സംഭവങ്ങളില്‍ അവര്‍ നിരപരാധികളാണെന്നും പറയുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പൊലിസ് സംശയിക്കുന്നത്. തൊട്ടടുത്ത് നിന്നാണ് എല്ലായിടത്തും കല്ലേറുണ്ടായിരിക്കുന്നത്. പൊലിസ് ഫൊറന്‍സിക് വിദഗ്ധര്‍ വീടുകളില്‍ എത്തി പരിശോധന നടത്തി. സി.പി.എം-ബി.ജെ.പി സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ രാത്രിയില്‍ ശക്തമായ പൊലിസ് പട്രോളിങ് നടത്തുന്നുണ്ട്. ഇതിനിടയിലും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാകുന്നതാണ് പൊലിസിനെ അന്വേഷണം ശക്തമാക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പൊലിസിനെ രാത്രിയില്‍ വിന്യസിക്കുമെന്ന് സി.ഐ വി.കെ ജയപ്രകാശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."