കൊച്ചി: കോടതിയുടെ പ്രതികരണം പരിധി വിട്ടത്
പേരണ്ടൂര്‍ കനാല്‍ ശുചീകരണം സംബന്ധിച്ച കേസ് പരിഗണിക്കവേ ഹൈക്കോടതി നടത്തിയ പ്രതികരണം തീര്‍ത്തും വൈകാരികവും അധികാരപരിധി വിട്ടുള്ളതുമാണ്. വെള്ളക്കെട്ടിന്റെ പേരില്‍ നഗരസഭ പിരിച്ചുവിടണമെന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ല. തങ്ങളുടെ മുന്നില്‍ വരുന്ന കേസുകളില്‍ നിയമാനുസൃതം തീര്‍പ്പുകല്‍പ്പിക്കുകയും അതിനാവശ്യമായ സംസാരത്തില്‍ ഏര്‍പ്പെടുകയുമാണു ജഡ്ജിമാര്‍ ചെയ്യേണ്ടത്. വെള്ളക്കെട്ട് കൊച്ചിനഗരത്തിനു പുതുമയുള്ള കാര്യമല്ല. 1979ല്‍ ഇതിനേക്കാള്‍ രൂക്ഷമായ വെള്ളക്കെട്ടില്‍ നഗരം മുങ്ങിനിന്നിട്ടുണ്ട്. അന്ന് ഇതിലേറെ ദുരിതമാണു ജനങ്ങള്‍ അനുഭവിച്ചത്. എങ്ങോട്ടു പോകുമെന്നറിയാതെ പകച്ചുനിന്നവര്‍ നിരവധിയാണ്.
കൊച്ചിയിലെ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുന്നതിനു സമഗ്രമായ നിര്‍ദേശങ്ങളുണ്ടാകണം. അതു ചെയ്യുന്നതിനു നഗരസഭയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രേരിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രമാണു കോടതി നല്‍കേണ്ടത്. കേവലം ഓടയുമായി ബന്ധപ്പെട്ടതല്ല കൊച്ചിയിലെ പ്രശ്‌നങ്ങള്‍. സമുദ്രത്തിലെ വേലിയേറ്റവും വേലിയിറക്കവുമായി നഗരത്തിലെ ജലനിര്‍ഗമനം ബന്ധപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പില്‍നിന്നു താഴെയോ അല്ലെങ്കില്‍ അതിനൊപ്പമോ ആണ് കൊച്ചിയുടെ നില.
കഴിഞ്ഞ പ്രളയകാലത്തും കഴിഞ്ഞ കാലവര്‍ഷക്കാലത്തും കൊച്ചിയിലെ ഓടകളുടെ അവസ്ഥ ഇതുതന്നെയായിരുന്നു. പക്ഷേ, അന്ന് ഇത്തരത്തില്‍ നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലും വെള്ളം കെട്ടിനിന്ന അവസ്ഥയുണ്ടായില്ല.
നഗരത്തിലെവിടെയും വെള്ളം പമ്പുചെയ്ത് കളഞ്ഞിട്ടുമില്ല. അന്നുണ്ടാകാതിരുന്ന വെള്ളക്കെട്ട് ഇപ്പോള്‍ ഉണ്ടായതെങ്ങനെയെന്നാണു പരിശോധിക്കേണ്ടത്. കടല്‍ നഗരജലം സ്വീകരിക്കാത്ത അവസരങ്ങളുണ്ട്. ആ സമയത്ത് ഇടമുറിയാതെ മണിക്കൂറുകളോളം പേമാരി തുടര്‍ന്നാല്‍ നഗരത്തില്‍ വെള്ളം കെട്ടിനില്‍ക്കും. അങ്ങനെയുള്ള നിരവധി സാഹചര്യങ്ങള്‍ നിലവിലുണ്ട്. കൊച്ചിയുടെ നിലനില്‍പ്പു തന്നെ ഇനി അധികകാലത്തേയ്ക്ക് ഉണ്ടാകില്ലെന്ന പഠന റിപ്പോര്‍ട്ടുകളുമുണ്ടിവിടെ. സമുദ്രത്തിലെ ജലനിരപ്പുയര്‍ന്നാല്‍ കേരളത്തില്‍ ആദ്യം മുങ്ങുന്ന നഗരം കൊച്ചിയായിരിക്കും.
അത്തരം ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ കേവലം ഒരു മേയറുടെ വീഴ്ചയാണ് എല്ലാത്തിനും കാരണമെന്ന നിലയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനയുടെ 74 ാം ഭേദഗതിയുടെ ചൈതന്യത്തിനു നിരക്കാത്തതാണ്.
പഞ്ചായത്തീരാജിനൊപ്പം നഗരപാലികാഭരണം കൊണ്ടുവന്ന ഭേദഗതിയാണ് 74. അത്തരത്തിലുള്ള ഭരണസംവിധാനത്തെ പിരിച്ചുവിടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നു പറയുന്ന കോടതി സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്നു നാളെ കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞുകൂടെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."