പാസ്‌പോര്‍ട്ടിലെ സര്‍ നെയിം: അധികൃതര്‍ അനാസ്ഥ വെടിയണം
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നോട്ടറി വക്കീലിന്റെ സാക്ഷ്യപത്രം ഇത്രയും സുപ്രധാന രേഖകള്‍ ഹാജരാക്കിയാണ് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുന്നത്.
ആദ്യം ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കി പിന്നീട് നേരിട്ട് പല കൗണ്ടറുകളിലായി രേഖകള്‍ ഹാജരാക്കി, സസൂക്ഷ്മ നിരീക്ഷണം നടത്തി, പൊലിസ് വെരിഫിക്കേഷനും കഴിഞ്ഞാണ് പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നത്. പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജില്‍ ( ഫോട്ടോ പതിച്ചത്) സര്‍ നെയിമും ഗിവണ്‍ നെയിമും ചോദിക്കുന്നുണ്ട്. പക്ഷേ, പല പാസ്‌പോര്‍ട്ടുകളിലും സര്‍ നെയിം ഒഴിഞ്ഞുകിടക്കുകയാണ്.
സര്‍ നെയിം എന്നാല്‍, കുടുംബ പേര് എന്നാണല്ലോ. കുടുംബപേര് എന്നു പറഞ്ഞാല്‍ വീട്ടു പേര്, തറവാട്ടു പേര് എന്നതാണെന്നു ആര്‍ക്കാണ് അറിയാത്തത്. സര്‍ നെയിം ഉള്ള മിക്ക പാസ്‌പോര്‍ട്ടുകളിലാവട്ടെ വീട്ടുപേരിനു പകരം ഭര്‍ത്താവിന്റെ പിതാവിന്റെ പേരോ അല്ലെങ്കില്‍ സ്വന്തം പേരിന്റെ വാല്‍കഷണം തന്നെയോ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനുത്തരവാദികള്‍ ആരാണ്. മുകളില്‍ പറഞ്ഞ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഹാജരാക്കിയ മുഴുവന്‍ രേഖകളിലും കുടുംബ പേരുണ്ടല്ലോ! ഹജ്ജിന് പാസ്‌പോര്‍ട്ട് ഹാജരാക്കുമ്പോള്‍ സര്‍നെയിം രേഖപ്പെടുത്താത്തവ റിജക്ട് ചെയ്യുകയാണ്. കേരളത്തിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും പാസ്‌പോര്‍ട്ട് എടുക്കുന്നത് തന്നെ ഉംറ, ഹജ്ജ് യാത്രകള്‍ക്കു വേണ്ടിയാണ്.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നോട്ടറി വക്കീല്‍ സാക്ഷ്യപ്പെടുത്താന്‍, പേരിലും വീട്ടുപേരിലും ആരുടെയോ കൈയബദ്ധത്താല്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ ദിവസങ്ങളോളം പലയിടങ്ങളില്‍ കയറിയിറങ്ങി സംഘടിപ്പിച്ചതാണ് മേല്‍ രേഖകള്‍.
1500 രൂപ ഫീസടച്ച് 150 മുതല്‍ 300 രൂപ വരെ അക്ഷയ, കഫേ സെന്ററുകളുടെ സര്‍വീസ് ചാര്‍ജും അടച്ച് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു വിദൂര ദിക്കുകളില്‍നിന്ന് പാസ്‌പോര്‍ട്ട് ഓഫിസില്‍ നേരിട്ട് ഹാജരായി നേടുന്നതാണ് പാസ്‌പോര്‍ട്ട്. സര്‍ നെയിം ഇല്ലാത്തതിന്റെ പേരില്‍ റിജക്ടായ പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം ചേര്‍ക്കുന്നതിന് പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്ന പ്രകാരം മേല്‍ കാര്യങ്ങളെല്ലാം വീണ്ടും ചെയ്ത് അതേ സംഖ്യ വീണ്ടും ചെലവഴിച്ച് പാസ്‌പോര്‍ട്ട് ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്നത് എന്തൊരു ക്രൂരതയാണ്.കുടുംബ പേര് അച്ചടിക്കാതിരിക്കാന്‍ കാരണക്കാരന്‍ അപേക്ഷകനല്ലല്ലോ!
ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞ് അവസാനം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴാണ് ഇക്കാര്യം പലരും അറിയുന്നത്. സ്വകാര്യ ഗ്രൂപ്പുകളിലടക്കം ഹജ്ജിന് പോകേണ്ട പലര്‍ക്കും ഇക്കാരണത്താല്‍ തന്നെ യാത്ര റദ്ദാക്കേണ്ടതായും വരുന്നുണ്ട്.
പ്രായമേറിയ സ്ത്രീകളടക്കമുള്ളവര്‍ ഇക്കാര്യത്തിന് വേണ്ടി കഷ്ടപ്പെടുന്നതിന്റെ ഉത്തരവാദികള്‍ ആരാണ്. ഉത്തരവാദപ്പെട്ടവരുടേയും പാസ്‌പോര്‍ട്ട് അധികൃതരുടെയും അടിയന്തര ശ്രദ്ധ വിഷയത്തിലുണ്ടാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."