ലീഗ് കോട്ട കാക്കുമോ? കനത്ത പോളിങ് നടന്ന മഞ്ചേശ്വരത്തിന്റെ നെഞ്ചിടിപ്പ് കൂടുന്നു
കാസര്‍കോട്: കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് നിലയില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയതിനാല്‍ വിജയ പ്രതീക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ മൂന്നു മുന്നണികള്‍ക്കും ആദ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ മഞ്ചേശ്വരത്തിന്റെ ചിത്രം വ്യക്തമായെന്നാണ് മുന്നണി നേതാക്കളും സ്ഥാനാര്‍ഥികളും പറയുന്നത്.
തികഞ്ഞ വിജയ പ്രതീക്ഷകളില്‍ തന്നെയാണ് എല്ലാവരും. പി.ബി അബ്ദുല്‍ റസാഖിന്റെ പകരക്കാരനായി ഇനി ഒന്നര വര്‍ഷം മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് എം.സി ഖമറുദ്ദീനോ എം. ശങ്കര്‍ റൈയോ രവീശ തന്ത്രി കുണ്ടാറാ ആരാണെന്ന് ഇന്നറിയാം. പോളിങ്ങിന്റെ ശതമാനക്കണക്കില്‍ മഞ്ചേശ്വരത്തിന്റെ മനസ് കണ്ടെത്താനുള്ള കണക്കുകൂട്ടലുകളിലായിരുന്നു ഇന്നലെയും മുന്നണികളും സ്ഥാനാര്‍ഥികളും സമയം ചെലവഴിച്ചത്.
വൊര്‍ക്കാടി, മീഞ്ച, എന്‍മകജെ പഞ്ചായത്തുകളില്‍ 77 മുതല്‍ 79 ശതമാനം വരെ പോളിങ് നടന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൊര്‍ക്കാടി പഞ്ചായത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത് 8170 വോട്ടുകളായിരുന്നു. ബി.ജെ.പി 6061 വോട്ടും നേടിയിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൊര്‍ക്കാടി പഞ്ചായത്തില്‍നിന്ന് എല്‍.ഡി.എഫ് 5534 വോട്ട് നേടിയിരുന്നുവെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കില്‍ ഇത് 3251 വോട്ടായി കുറഞ്ഞു. 15671 വോട്ടാണ് ഇക്കുറി വൊര്‍ക്കാടി പഞ്ചായത്തില്‍ പോള്‍ ചെയ്തിരിക്കുന്നത്. ഈ വോട്ടുകളില്‍ മുന്‍തൂക്കം നേടാനാകും എന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
മീഞ്ചയില്‍ ഇക്കുറി 14623 പേരാണ് വോട്ടു ചെയ്തിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിട്ടുനിന്ന പഞ്ചായത്തായിരുന്നു മീഞ്ച. 6153 വോട്ടാണ് ബി.ജെ.പി നേടിയത്. എന്നാല്‍ 2016ല്‍ കിട്ടിയ 4002 വോട്ടില്‍നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5135 വോട്ടായി ഉയര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നു.
വൊര്‍ക്കാടി, മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളില്‍ നേടുന്ന ആധിപത്യം കൊണ്ട് മഞ്ചേശ്വരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ നാലു പഞ്ചായത്തുകളില്‍നിന്ന് നാല്‍പത്തിയൊന്നായിരത്തിലേറെ വോട്ട് യു.ഡി.എഫ് നേടിയിരുന്നു. പൈവളിഗെ, എന്‍മകജെ, മീഞ്ച പഞ്ചായത്തുകളിലാണ് എന്‍.ഡി.എ പ്രതീക്ഷ. പുത്തിഗെയും പൈവളിഗയും എന്‍മകജെയും തുണക്കുമെന്നാണ് എല്‍.ഡി.എഫും കണക്കുകൂട്ടുന്നു.
പുത്തിഗെ പഞ്ചായത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2089 വോട്ടിന്റെ ഭൂരിപക്ഷം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 392 ആയി കുറഞ്ഞുവെങ്കിലും പ്രതീക്ഷയില്‍ തന്നെയാണ് എല്‍.ഡി.എഫ്. പൈവളിഗെ നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വടക്കെയറ്റത്തുളള കെട്ടിടത്തിലാണ് വോട്ടെണ്ണല്‍ കേന്ദ്രം.
വോട്ടണ്ണല്‍ കേന്ദ്രത്തില്‍ 12 ടേബിളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ടേബിളില്‍ സൂപ്പര്‍വൈസര്‍, അസി. സൂപ്പര്‍വൈസര്‍, സൂക്ഷ്മ നിരീക്ഷകന്‍ എന്നിവര്‍ ഉണ്ടാകും. ഒരു ടേബിളില്‍ സ്ഥാനാര്‍ഥികളുടെ ഒരു ഏജന്റ് വീതവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരി, ഉപവരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാര്‍ഥികള്‍ എന്നിവരും ഉണ്ടാകും. ജില്ലാ കലക്ടര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. ആദ്യം അഞ്ച് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണും. ഇതൊടൊപ്പം ഈ മെഷിനുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണും. നറുക്കെടുപ്പിലൂടെയാണ് ഈ അഞ്ച് മെഷീന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഒന്നാം നമ്പര്‍ ബൂത്ത് മുതല്‍ 198 ാം നമ്പര്‍ ബൂത്ത് വരെ ക്രമത്തില്‍ എണ്ണും. 17 റൗണ്ടുകളിലായാണ് വോട്ട് എണ്ണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."