കെ.എസ്.ആര്.ടി.സി പ്രാദേശിക സര്‍വിസുകള്‍ വെട്ടിക്കുറച്ചു; യാത്രാക്ലേശം രൂക്ഷം
തൊടുപുഴ: കെ.എസ്.ആര്.ടി.സി തൊടുപുഴ ഡിപ്പോയില്‍ നിന്നുള്ള ചില സര്‍വിസുകള്‍ ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം പുനഃക്രമീകരിച്ചതിലൂടെ കോര്പറേഷന് വരുമാനഷ്ടത്തോടൊപ്പം ജനങ്ങളുടെ യാത്രക്ലേശവും രൂക്ഷമായി. ഡബിള്‍ ഡ്യൂട്ടി നിശ്ചയിച്ചു നല്‍കിയിരുന്ന ചില സര്‍വിസുകള്‍ വെട്ടിക്കുറച്ച് വൈകിട്ട് മൂന്നോടെ സര്‍വീസ് അവസാനിപ്പിച്ച് ബസുകള്‍ ഗാരേജിലേക്ക് മാറ്റുന്ന അവസ്ഥയുണ്ടായത്.
രാവിലെ 6.20 വഴിത്തല, 6.20 പൂമാല- മേത്തൊട്ടി, 6.40 പിറവം, 7.00 ആനക്കയം, 7.15 ചെപ്പുകുളം എന്നീ സര്‍വിസുകളാണ് സിംഗിള്‍ ഡ്യൂട്ടിയാക്കിയത്. തിരക്കേറിയ സമയങ്ങളിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. ഈ റൂട്ടുകളിലെ വരുമാനം രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെയായി താഴ്ന്നു. കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന വൈക്കം സെക്ടറിലെ യാത്രക്കാര്‍ക്ക് പുതിയ തീരുമാനം ഏറെ ദുഷ്കരമാകും. രാവിലെ 8.40ന് ആലപ്പുഴയ്ക്കുണ്ടായിരുന്ന ബസും നിര്‍ത്തലാക്കി. ആനക്കയം- ആലപ്പുഴ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ഈ ബസ് ഇപ്പോള്‍ തൊടുപുഴയില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ്. ആദിവാസി മേഖലയായ മേത്തൊട്ടിയിലേക്കുള്ള യാത്രക്കാര്‍ക്കും വൈകിട്ടുള്ള സര്‍വിസ് നിര്‍ത്തിയത് തിരിച്ചടിയായി. അതേസമയം, അനാദായകരമായ 6.52 ന്റെ മൂലമറ്റം സര്‍വീസ് നിലനിര്‍ത്തുകയും ചെയ്തു. ഇതിനിടെ തൊടുപുഴ- കുറവിലങ്ങാട് വഴി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് പുതിയ സര്‍വിസ് ആരംഭിക്കാനുള്ള ശ്രമം അധികൃതര്‍ നടത്തുന്നുണ്ട്. ഇതിനുള്ള നിര്‍ദേശം കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ബോര്‍ഡിന് മുന്നിലുണ്ടണ്ട്. ഇതിനു പുറമെ തൊടുപുഴയില്‍ നിന്നും മണക്കാട്, അങ്കംവെട്ടി, ചിറ്റൂര്‍, പുതുപ്പരിയാരം വഴി വഴിത്തലയിലേക്കും തിരിച്ചും രാവിലെയും വൈകിട്ടും ഉടന്‍ സര്‍വിസ് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."