വയനാട്ടില്‍ രണ്ടിടങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്
ലഘുലേഖകള്‍ വിതരണം ചെയ്തു
മേപ്പാടി: വയനാട്ടില്‍ രണ്ടിടങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി പടിഞ്ഞാറത്തറക്ക് അടുത്ത് കാപ്പിക്കളത്താണ് സായുധരായ മാവോയിസ്റ്റ് സംഘം ആദ്യം എത്തിയത്.
ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനുപിന്നാലെ മേപ്പാടി ചുളിക്ക എസ്റ്റേറ്റിലെ ചോലമലയിലും സായുധരായ മൂന്നംഗ സംഘമെത്തിയതായാണ് പറയുന്നത്. ഇവിടെ കനല്‍പ്പാത എന്ന പേരില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിനും വനംവകുപ്പിനുമെതിരേ ശക്തമായ താക്കീതാണ് ലഘുലേഖയിലുള്ളത്. മാവോയിസ്റ്റ് നേതാവ് വിക്രംഗൗഡയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് എത്തിയതെന്നാണ് സൂചന. തമിഴ് വംശജര്‍ അടക്കമുള്ളവരാണ് ഇവിടെ താമസിക്കുന്നത്. മിനിമം കൂലി 800 രൂപ ആവശ്യപ്പെടണമെന്നും തൊഴിലാളികള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും സംഘം പറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു.തുടര്‍ന്ന് ഇവര്‍ അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ചതായും നാട്ടുകാര്‍ പറയുന്നു. മേപ്പാടി പൊലിസ് സ്റ്റേഷനില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തായാണ് ചോലമല സ്ഥിതിചെയ്യുന്നത്. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ ചെമ്പ്രാപീക്ക് കാടുകളിലേക്ക് പോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."