കോട്ടപ്പടി സുനില്‍ വധം: തെളിവെടുപ്പ് നടത്തി
ഗുരുവായൂര്‍: കോട്ടപ്പടി സുനില്‍ വധക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളുമായി പൊലിസ് തെളിവെടുപ്പ് നടത്തി. ഗുരുവായൂരിനടുത്ത് തൊഴിയൂരിലുള്ള സുനിലിന്റെ വീട്ടില്‍ കൊണ്ടുവന്നായിരുന്നു തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി മൊയിനുദ്ദീന്‍, വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശി യൂസഫ് അലി, കൊളത്തൂര്‍ സ്വദേശി ഉസ്മാന്, പള്ളം സ്വദേശി പുത്തന്‍പീടിയേക്കല്‍ സുലൈമാന്‍ എന്നിവരെയാണ് തിരൂര്‍ ഡിവൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനായി കൊണ്ടുവന്നത്.
സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയതും വീട്ടുകാരെ ആക്രമിച്ചതും എങ്ങനെയെന്ന് പ്രതികള്‍ പൊലിസിന് വിവരിച്ചുനല്‍കി. 1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ രണ്ടോടെയാണ് ആര്.എസ്.എസ് പ്രവര്‍ത്തകനായ സുനിലിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. കേസ് അന്വേഷിച്ച ലോക്കല്‍ പൊലിസ് സി.പി.എം പ്രവര്‍ത്തകരായ ഒന്‍പതുപേരെ പ്രതികളാക്കി കേസെടുത്തിരുന്നു. ഇവരില്‍ നാലുപേരെ 1997 മാര്‍ച്ചില്‍ കോടതി ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തു.
ഇതിനിടയില്‍ മറ്റു കേസുകളുടെ അന്വേഷണത്തിനിടെയാണ് ജംഇയ്യത്തുല്‍ ഇഹ്സാനിയ എന്ന സംഘടനയ്ക്ക് സുനില്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്ന നാലുപേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."