ശുചീകരണത്തിനു ജനങ്ങളോട് രംഗത്തിറങ്ങാന്‍ സര്‍വകക്ഷി ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും മറ്റു പകര്‍ച്ച വ്യാധികളും തടയുന്നതിന് ജനങ്ങളാകെ ശുചീകരണത്തിനു മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു. ഈ മാസം 27, 28, 29 തിയതികളില്‍ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും യോഗം അഭ്യര്‍ഥിച്ചു.
ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് 27ന് മുന്‍പ് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ത്രിദിന ശുചീകരണത്തില്‍ എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പൊലിസ് കാഡറ്റ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ വിദ്യാര്‍ഥികളെയാകെ പങ്കെടുപ്പിക്കും. രോഗം നിയന്ത്രിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പാക്കും.
ചികിത്സ തേടിവരുന്ന ആരെയും തിരിച്ചയയ്ക്കരുതെന്നും കൂടുതല്‍ സൗകര്യം താല്‍ക്കാലികമായി ഉണ്ടാക്കണമെന്നും സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍ അഭ്യര്‍ഥിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉച്ചയ്ക്കു ശേഷവും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തും.
വീടുകള്‍ സന്ദര്‍ശിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനം നടത്തേണ്ട ജീവനക്കാര്‍ വീടുകളില്‍ പോകാതെ ആശുപത്രിയിലും ഓഫിസിലും തുടരുന്ന സ്ഥിതി ഒഴിവാക്കും. വീടുകള്‍ സന്ദര്‍ശിക്കേണ്ടവര്‍ ആ ജോലി തന്നെ ചെയ്യണം. രോഗ നിയന്ത്രണ പ്രവര്‍ത്തനത്തില്‍ ഹോമിയോപ്പതി, ആയുര്‍വേദം എന്നീ ശാഖകളെ കൂടി ഉള്‍പ്പെടുത്തും.
ജില്ലകളില്‍ ഡി.എം.ഒ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ കെ.കെ ശൈലജ, കെ.ടി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.എം ഹസ്സന്‍, വി.എസ് ശിവകുമാര്‍ (കോണ്‍ഗ്രസ്), പ്രകാശ് ബാബു (സി.പി.ഐ), കുമ്മനം രാജശേഖരന്‍ (ബി.ജെ.പി), കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ (ജനതാദള്‍), പി.കെ ആനന്ദക്കുട്ടന്‍ (എന്‍.സി.പി), ബീമാപ്പള്ളി റഷീദ് (മുസ്‌ലിം ലീഗ്), വിജയന്‍ പിള്ള എം.എല്‍.എ (സി.എം.പി), ഡോ. എന്‍ ജയരാജ് എം.എല്‍.എ (കേരള കോണ്‍ഗ്രസ്- എം), ജോര്‍ജ് തോമസ് (ജെ.ഡി.യു), സി. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ്- ബി), വി.എസ് മനോജ്കുമാര്‍( കേരള കോണ്‍ഗ്രസ് - ജേക്കബ്), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ്- എസ്), ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."